കൊച്ചി: തൃശൂർ പൂരം കലങ്ങിയതിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിര്‍ദേശം. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിർദേശം. ഹർജിയിൽ തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലം സമർപ്പിച്ചു.
പാറമേക്കാവ് ദേവസ്വത്തോടും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. നേരത്തെ, പൂരം കലങ്ങിയതിനു തിരുവമ്പാടി ദേവസ്വത്തിനും പൊലീസിനുമാണ് മുഖ്യ പങ്ക് എന്നാരോപിച്ച് കൊച്ചിൻ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നൽകിയിരുന്നു. പൂരം നടത്തിപ്പിനു ജില്ലാതല സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.പൊലീസിന്റെ ഇടപെടലാണ് പൂരം കലങ്ങാൻ കാരണമായതെന്ന ആരോപണം തിരുവമ്പാടി ദേവസ്വവും ആവർത്തിച്ചിട്ടുണ്ട്. പൊലീസിന്റെ ഇടപെടല്‍ മൂലം ആഘോഷങ്ങൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി. ഭക്തരെയും പൂരപ്രേമികളെയും പൊലീസ് കായികമായി നേരിട്ടു. സംഘർഷാവസ്ഥ ഒഴിവാക്കാൻ ഉത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമായി ഒതുക്കി. രണ്ടര നൂറ്റാണ്ടായി മാറ്റമില്ലാതെ തുടരുന്ന ചടങ്ങുകൾ വൈകിയെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തി. പൂരം കലക്കാൻ ഗൂഢാലോചന നടന്നതായി തങ്ങൾക്ക് അറിയില്ലെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്. അധികാര പരിധി ലംഘിച്ച് ക്ഷേത്രത്തിലെ ആചാരങ്ങളിലും ഉത്സവങ്ങളിലും പൊലീസിന്റെ ഇടപെടൽ ഒഴിവാക്കപ്പെടണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
അതുപോലെ ഉത്സവം നടത്തിപ്പിനു റിട്ട. ജില്ല ജഡ്ജി അടക്കമുള്ളവരെ ചുമതലയേല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഇത്തവണ സംഭവിച്ചത് ഒറ്റപ്പെട്ട ഒരു കാര്യമാണ്. അടുത്ത തവണ മുതൽ തങ്ങളും പാറമേക്കാവും സർക്കാര്‍ സംവിധാനങ്ങളുടെ എല്ലാവിധ പിന്തുണയോടും കൂടി പൂരം നടത്താൻ സാധിക്കുമെന്നും തിരുവമ്പാടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.