പത്തനംതിട്ട: യാത്രയിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞു കൂടി ഉണ്ടായിരുന്നതിനാലാണ് തിരുവല്ല സ്വദേശി ജേക്കബ് എബ്രഹാമും കുടുംബവും ബെംഗളൂരുവിലേക്കുള്ള യാത്ര കാറിലാക്കിയതെന്നു വിവരം. ട്രെയിനിലെ യാത്ര കുഞ്ഞിന് അസൗകര്യമാകരുതെന്നു കരുതിയായിരുന്നു കാറിൽ പോകാനുള്ള തീരുമാനം. അതുപക്ഷേ ദുരന്തത്തിലേക്കുള്ള യാത്രയായിരുന്നെന്ന് അവരറിഞ്ഞില്ല.
കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസിൽ കാറും വാനും കൂട്ടിയിടിച്ചാണ് തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോൺ ജേക്കബ് തോമസ് എന്നിവർ മരിച്ചത്. മകൾ എലീന തോമസ് (30) ഗുരുതര നിലയിൽ സുന്ദരാപുരം അഭിരാമി ആശുപത്രിയിലാണ്.എലീന നഴ്സിങ് വിദ്യാർഥിനിയാണ്. ഇതുമായി ബന്ധപ്പെട്ട പരീക്ഷയ്ക്കായാണ് കുടുംബം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഈ മാസം 16 മുതൽ 20 വരെയാണ് പരീക്ഷ. എലീനയുടെ സഹോദരൻ അതുൽ ബെംഗളൂരുവിവലുണ്ട്. അതുലിന്റെ വീട്ടിൽനിന്നു പഠിക്കാനും പരീക്ഷയ്ക്കു പോകാനുമായിരുന്നു പദ്ധതി. എലീനയുടെ അമ്മ ഷീലയുടെ സഹോദരനും ബെംഗളൂരുവിലാണ് താമസം.
എലീനയുടെ ഭർത്താവ് പുനലൂർ സ്വദേശി അനീഷ് സൗദിയിലാണ്. 18 വർഷം മസ്കത്തിൽ ജോലി ചെയ്ത ജേക്കബ് 5 വർഷം മുൻപാണ് തിരിച്ചെത്തിയത്. 5 വയസ്സുകാരിയായ മൂത്ത മകളെ ഭർത്താവിന്റെ പുനലൂരിലെ വീട്ടിലാക്കിയ ശേഷമാണ് എലീന പിതാവിനും മാതാവിനുമൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. പാലക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന കുറിയർ വാനുമായാണ് കാർ ഇടിച്ചത്. രാവിലെ പതിനൊന്നരയോടെ മധുക്കര എൽആൻഡ്ടി ബൈപാസിൽ നയാര പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.