ഹൈദരാബാദ്: കരുത്തരായ ജമ്മു-കശ്മീരിനെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിൽ കടന്നു. ഡെക്കാൻ അറീന ടർഫ് മൈതാനത്ത് നടന്ന ആവേശപോരിൽ 73ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിനായി വിജയഗോള്‍ നേടിയത്. ഞായറാഴ്ച വൈകീട്ട് 7.30ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. ക്വാർട്ടറിൽ 5-2ന് ഡൽഹിയെ തകർത്താണ് മണിപ്പൂർ അവസാന നാലിലെത്തിയത്.
ആദ്യ പകുതിയിൽ കേരളത്തിനോട് ഒപ്പത്തിനൊപ്പം പോരാടിയ ജമ്മു കശ്മീർ പല ഗോളവസരങ്ങളും തുറന്നെടുത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കേരളവും പലവട്ടം അപകട ഭീഷണിയുമായി എതിർ ഗോൾമുഖത്ത് റോന്തുചുറ്റി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പാതിയിൽ കേരളം കൂടുതൽ ഉണർന്നു കളിച്ചു. 71ാം മിനിറ്റിൽ കോച്ച് ബിബി തോമസ് വരുത്തിയ ഇരട്ടമാറ്റത്തോടെ കളി മാറി. പ്രതിരോധ താരം മുഹമ്മദ് അസ്ലമിനെയും മുന്നേറ്റതാരം മുഹമ്മദ് അജ്സലിനെയും പിൻവലിച്ച് മുഹമ്മമദ് മുഷറഫിനെയും അർജുനെയും കളത്തിലിറക്കി.
പിന്നാലെ ജോസഫ് ജസ്റ്റിൻ-അർജുൻ-നസീബ് എന്നിവർ ചേർന്ന് നടത്തിയ നീക്കത്തിൽ വിജയഗോളും പിറന്നു. ജോസഫ് ജസ്റ്റിന്‍ ബോക്സിനുള്ളിലേക്ക് ചിപ് ചെയ്ത പന്ത് കശ്മീര്‍ പ്രതിരോധ താരം ആതര്‍ ഇര്‍ഷാദ് ക്ലിയര്‍ ചെയ്തെങ്കിലും നേരെ വന്നത് ബോക്‌സിലുണ്ടായിരുന്ന നസീബ് റഹ്‌മാന് നേര്‍ക്ക്. നെഞ്ചില്‍ പന്ത് നിയന്ത്രിച്ച് നസീബ് തൊടുത്ത വോളിയാണ് വലയിൽ കയറിയത്. സമനില ഗോളിനായി കശ്മീർ താരങ്ങൾ കിണഞ്ഞുശ്രമിച്ചെങ്കിലും ക്യാപ്റ്റൻ സഞ്ജുവിന്‍റെ നേതൃത്വത്തിൽ നീക്കങ്ങളെല്ലാം പ്രതിരോധിച്ചു. ഫൈനല്‍ തേര്‍ഡില്‍ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും മുന്നേറ്റനിരയുടെ ഫിനിഷിങ്ങിലെ പോരായ്മയാണ് കശ്മീരിന് തിരിച്ചടിയായത്.
പ്രാഥമിക റൗണ്ടിലും ഫൈനൽ റൗണ്ടിലുമായി ഇതുവരെ എഒമ്പതു മത്സരങ്ങളിൽനിന്നായി 30 ഗോളാണ് കേരളം അടിച്ചുകൂട്ടിയത്. വഴങ്ങിയതാകട്ടെ, നാലു ഗോളും. ഒരു തോൽവിപോലുമില്ലെന്ന ക്രെഡിറ്റുമുണ്ട് കേരളത്തിന്. ടൂർണമെന്‍റിൽ ഇത്തവണ കൂടുതൽ ഗോളുകൾ നേടിയതും കുറവ് ഗോളുകൾ വഴങ്ങിയതും കേരളമാണ്. കേരളത്തിനായി നസീബ് റഹ്മാൻ ഏഴും അജ്സൽ അഞ്ചും ഗോൾ നേടി. ഇന്ന് രാത്രി 7.30ന് നടക്കുന്ന അവസാന ക്വാർട്ടർ ഫൈനലിൽ മേഘാലയ സർവിസസിനെ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.