തിരുവനന്തപുരം: തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രി ആന്റണി രാജു കോടതിയിൽ ഹാജരായി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഹാജരായത്. എന്നാൽ കേസ് ഈ മാസം 23-ലേക്ക് പരിഗണിക്കാനായി മാറ്റി. എം.എൽ.എമാരും എം.പിമാരും ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികളുണ്ടെന്നും അതിനാൽ ഈ കേസ് അവിടെ മാത്രം പരിഗണിക്കാൻ പാടുള്ളൂവെന്നും ആന്റണി രാജുവിന്റെ അഭിഭാഷകൻ നെടുമങ്ങാട് കോടതിയെ അറിയിച്ചു.
തുടർന്ന്, ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിശദമായൊരു ഹർജി നൽകാൻ മജിസ്ട്രേറ്റ് അഭിഭാഷകനോട് നിർദേശിച്ചു. ഇതിനുള്ള സമയം നൽകാനായാണ് കേസ് 23-ലേക്ക് മാറ്റിയത്. ലഹരിമരുന്ന് കേസിലെ പ്രതിയെ തൊണ്ടിമുതൽ മാറ്റി രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരേയുള്ള കേസ്.
കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും കഴിഞ്ഞമാസം സുപ്രീം കോടതി വിധിച്ചിരുന്നു. ഡിസംബർ 20-ന് ആന്റണി രാജു കോടതിയിൽ ഹാജരാകണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
കേസിന്റെ നാൾവഴി
1990-ലാണ് സംഭവം. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നു. അന്വേഷണത്തിന് ശേഷം പോലീസ് കുറ്റപത്രം സമർപ്പിച്ചു. അതേ വർഷം തന്നെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്കെടുത്തു.
പ്രശസ്ത അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡാണ് പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്‍റെ ജൂനിയർ അഭിഭാഷകനായിരുന്നു. പക്ഷേ, ആ കേസ് തൊറ്റു. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ഉത്തരവിറക്കി. എന്നാല്‍, തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു.
പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്. കേസില്‍ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു.
ഓസ്ട്രേലിയിലേക്ക് കടന്ന സാൽവദോർ സർവലി അവിടെ ഒരു കൊലക്കേസിൽ പെട്ടു. അവിടെ മെൽബൺ റിമാൻഡ് സെന്ററിൽ തടവിൽ കടക്കുമ്പോൾ ആൻഡ്രൂ, സഹതടവുകാരനോട് കേരളത്തിലെ കേസിൽ, അഭിഭാഷകന്റെയും കോടതിയിലെ ക്ലാർക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം പറയുകയുണ്ടായി. സഹതടവുകാരൻ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തിനോട് വിവരിക്കുന്നു. 1996 ജനുവരി 25-ന് രേഖപ്പെടുത്തിയ ഈ മൊഴി കാൻബറയിലെ ഇന്റർപോൾ യൂണിറ്റ് ഇന്ത്യയിലെ ഇന്റർപോൾ യൂണിറ്റായ സി.ബി.ഐക്ക് അയച്ചു.
സി.ബി.ഐ ഡൽഹി ആസ്ഥാനത്തു നിന്നാണ് ഈ കത്ത് കേരള പോലീസിന് ലഭിക്കുന്നത്. ഈ കത്ത് കണ്ടെടുത്തതോടെ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. കെ.കെ. ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. യഥാർഥ അടിവസ്ത്രം ജൂനിയർ അഭിഭാഷകൻ ആന്റണി രാജു കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ എടുത്ത് മാറ്റിയെന്നുമായിരുന്നു പരാതി. മൂന്നുവര്‍ഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവായി.
ആന്റണി രാജു, ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. ഇതിനിടെ ആന്റണി രാജു എം.എല്‍.എ.യായി. 2005-ല്‍ കേസ് പുനരന്വേഷിക്കാന്‍ ഐ.ജി.യായിരുന്ന ടി.പി. സെന്‍കുമാര്‍ ഉത്തരവിട്ടു. 2006-ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചംകണ്ടില്ല. 2014-ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. വിചാരണയില്‍ ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.