പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡി.എന്‍.എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18-കാരന് വെളിപ്പെടുത്തി. പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
നവംബറിലാണ് പെണ്‍കുട്ടി മരണപ്പെട്ടത്. പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയുംചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നും പനി ബാധിച്ചതെന്നുമാണ് പോലീസിന്റെ നിലവിലെ നിഗമനം. ഇക്കാര്യം പെണ്‍കുട്ടി മറച്ചുവെച്ചതാണെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.