കഴക്കൂട്ടം: ടെക്നോപാർക്കിൽ ഇല്ലാത്ത റിക്രൂട്ടിങ് കമ്പനിയുടെ പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിച്ചു മുങ്ങിയതായി പരാതി. തട്ടിപ്പിനിരയായ 4 പേർ ഇതു സംബന്ധിച്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.ജർമനിയിൽ ഉയർന്ന ശമ്പളത്തിലുള്ള ജോലി വാഗ്ദാനം ചെയ്ത് വെഞ്ഞാറമൂട് മൈലക്കുഴി അഖിൽ നിവാസിൽ ജി.സിന്ധുവിന്റെ 8,60,000 രൂപ തട്ടിയെടുത്തെന്നാണു പരാതി.
2023 സെപ്റ്റംബറിൽ കമ്പനിയുടെ എംഡി എന്നു പരിചയപ്പെടുത്തിയ എം.ആർ. പാർവതിയുടെയും അവർ പറഞ്ഞ ചില അക്കൗണ്ടുകളിലുമാണ് പണം നൽകിയതെന്ന് സിന്ധു പറഞ്ഞു. ഉള്ള ജോലി രാജിവച്ച് വീസയ്ക്കു കാത്തുനിന്നെങ്കിലും വീസയോ കൊടുത്ത പണമോ ലഭിച്ചില്ല.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി താൽക്കാലിക ജോലി ചെയ്തിരുന്ന കോട്ടയം ചെമ്പിളാവ് മണിയിൽ ഹൗസിൽ നീതു ലക്ഷ്മിയും പണം നൽകി കുടുങ്ങി.
ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 2024 ജൂണിൽ 5,30,000 രൂപയാണ് തട്ടിയെടുത്തത്. ജോലി രാജിവച്ചാണ് പണം നൽകിയത്. ഇവരുടെ പാസ്പോർട്ടും ജോലി വാഗ്ദാനം ചെയ്തവരുടെ കൈയിലാണ്. കന്യാകുമാരി ജില്ലയിലെ ജെ.ജസ്റ്റിൻ പോളിന് ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് 6.5 ലക്ഷം രൂപയാണു കൈക്കലാക്കിയത്. വീടും പറമ്പും പണയം വച്ചാണ് പണം കൊടുത്തത്. ഇപ്പോൾ വീട് ജപ്തിഭീഷണിയിലാണ്. തിരുവനന്തപുരം പൂന്തുറ സ്വദേശി ജിനിൽ ദാസും 4.5 ലക്ഷം രൂപ നൽകി. ജർമനിയിൽ ജോലി വാഗ്ദാനം ചെയ്താണു പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ എണ്ണം ഇനിയുമുണ്ടാകുമെന്നാണ് വിവരം.
പണം നൽകിയവർ പലതവണ ബന്ധപ്പെട്ടിട്ടും എംഡി എന്നവകാശപ്പെട്ട ആളോ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നു അവകാശപ്പെട്ടവരോ വ്യക്തമായ മറുപടി പറയാതായതോടെ ടെക്നോപാർക്കിൽ അന്വേഷിച്ചു. അപ്പോഴാണ് ഇത്തരത്തിൽ കമ്പനി ഇല്ലെന്ന വിവരം ലഭിച്ചത്. ഇപ്പോൾ ഫോൺ ചെയ്താലും സംഘം എടുക്കാറില്ലെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. പലരുടെയും പാസ്പോർട്ടും ബന്ധപ്പെട്ട രേഖകളും സംഘത്തിന്റെ പക്കലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.