സോണിയഗാന്ധിയില്‍ നിന്നുണ്ടായ ദുരനുഭവം ആത്മകഥയില്‍ പങ്കുവെച്ച് മുതിര്‍ന്ന രാഷ്ട്രീയനേതാവ് നജ്മ ഹെപ്തുള്ള; "ബെര്‍ലിനില്‍ നിന്ന് ഫോണ്‍ വിളിച്ച തന്നെ ഒരു മണിക്കൂര്‍ നേരം കാത്തിരിപ്പിച്ചു"

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധിയില്‍ നിന്നുണ്ടായ ദുരനുഭവം ആത്മകഥയില്‍ പങ്കുവെച്ച് മുതിര്‍ന്ന രാഷ്ട്രീയ നേതാവ് നജ്മ ഹെപ്തുള്ള. 1999-ല്‍ ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് ശേഷം അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയെ ബെര്‍ലിനില്‍ നിന്ന് ഫോണ്‍ വിളിച്ചപ്പോള്‍ തന്നെ ഒരു മണിക്കൂര്‍ നേരം കാത്തിരിപ്പിച്ചുവെന്ന് നജ്മ പറയുന്നു.


ബെര്‍ലിനില്‍ നിന്നുള്ള ഫോണ്‍ കോള്‍ ആയിരുന്നിട്ടും 'മാഡം തിരക്കിലാണ്' എന്ന് പറഞ്ഞാണ് സോണിയ ഗാന്ധിയുടെ ജീവനക്കാരന്‍ അന്ന് തന്നെ ഫോണില്‍ കാത്തിരിപ്പിച്ചതെന്ന് നജ്മ പറഞ്ഞു.

'ഇന്‍ പര്‍സ്യൂട്ട് ഓഫ് ഡെമോക്രസി: ബിയോണ്ട് പാര്‍ട്ടി ലൈന്‍സ്' എന്ന ആത്മകഥയിലാണ് നജ്മ സംഭവം പരാമര്‍ശിച്ചത്. രാജ്യസഭയിലെ മുന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായ നജ്മ ഹെപ്തുള്ള സോണിയാ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2004-ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് ലോക പാര്‍ലമെന്ററി വേദിയിലേക്കുള്ള തന്റെ യാത്രയുടെ പരകോടിയെന്ന് വിശേഷിപ്പിക്കാവുന്ന ഐപിയു അധ്യക്ഷസ്ഥാനം ചരിത്രപരമായി ആദ്യത്തേതും മഹത്തായ ബഹുമതിയുമായിരുന്നുവെന്ന് നജ്മ ഹെപ്തുള്ള പറയുന്നു.

നേട്ടത്തിന് പിന്നാലെ ആദ്യം വിളിച്ചത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെയാണ്. പെട്ടെന്നുതന്നെ അദ്ദേഹത്തെ ഫോണില്‍ കിട്ടി. വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിച്ചു. അതിനുള്ള ആദ്യത്തെ കാരണം ആ നേട്ടം ആദ്യമായാണ് ഇന്ത്യയിലേക്കെത്തുന്നത്. രണ്ടാമത്തെ കാരണം അത് ലഭിച്ചിരിക്കുന്നത് ഒരു മുസ്ലീം യുവതിക്കാണ് എന്നതായിരുന്നു. വേഗം തിരിച്ചുവരാനും, നമുക്കിതാഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞുവെന്നും നജ്മ പറയുന്നു. പിന്നീട് ഉപരാഷ്ട്രപതിയേയും ഫോണില്‍ വേഗം ലഭിച്ചു.

എന്നാല്‍ തന്റെ സ്വന്തം നേതാവും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ഫോണില്‍ വിളിച്ചപ്പോള്‍ അവരുടെ ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞത് 'മാഡം തിരക്കിലാണ്' എന്നാണ്. ഞാന്‍ ബെര്‍ലിനില്‍ നിന്ന് വിളിക്കുകയാണെന്നും ഒരു അന്തര്‍ദേശീയ കോള്‍ ആണ് ഇതെന്ന് പറഞ്ഞിട്ടും ഹോള്‍ഡ് ചെയ്യാനാണ് അയാള്‍ പറഞ്ഞത്. ഒരു മണിക്കൂര്‍ നേരം എനിക്ക് കാത്തിരിക്കേണ്ടി വന്നു. എന്നിട്ടും സോണിയാ ഗാന്ധിയോട് ഫോണില്‍ സംസാരിക്കാനായില്ല.'


ഈ സംഭവത്തില്‍ ഏറെ വിഷമിച്ചുവെന്ന് നജ്മ പറയുന്നു. ആ ഫോണ്‍ വിളിക്ക് ശേഷം ഞാന്‍ അവരോട് (സോണിയ ഗാന്ധിയോട്) ഒന്നും പറഞ്ഞിട്ടില്ല. എന്റെ പേര് ഐപിയു പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നതിന് മുമ്പ് ഞാന്‍ അവരുടെ അനുമതി തേടിയിരുന്നു. അനുമതി തന്ന് അവര്‍ തന്നെ ആശീര്‍വദിക്കുകയും ചെയ്തുവെന്നും മുന്‍ മണിപ്പുര്‍ ഗവര്‍ണര്‍ കൂടിയായ ന്ജമ പറയുന്നു.

ഐപിയു കൗണ്‍സിലിന്റെ സാമ്പത്തിക പിന്തുണയില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത രാജ്യങ്ങളിലേക്ക് ഐപിയു അധ്യക്ഷന് യാത്ര ചെയ്യുന്നതിന് വാജ്‌പേയ് ഒരു കോടി രൂപ ബജറ്റ് അനുവദിച്ചു. വസുന്ദര രാജെയാണ് തന്റെ നേട്ടം ആഘോഷിക്കുന്നതിനായി തന്നെയും മറ്റ് എംപിമാരേയും വിളിച്ചുചേര്‍ത്തത്.

തൊട്ടടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ പ്രിസൈഡിങ് ഓഫീസര്‍മാരുടെ മില്ലേനിയം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താന്‍ സോണിയാ ഗാന്ധിയെ ക്ഷണിച്ചുവെങ്കിലും അവസാന നിമിഷം അവര്‍ പിന്‍മാറിയെന്നും നജ്മ ഹെപ്തുള്ള തന്റെ ആത്മകഥയില്‍ പറയുന്നു.

1998 ല്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വന്നതിന് പിന്നാലെ അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ നിരവധി പാളികള്‍ രൂപപ്പെട്ടുവെന്ന് ഇടനിലക്കാരെ കുറിച്ച് നജ്മ പറയുന്നു. നേതാവിലേക്കുള്ള പ്രവേശനം പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്ത ജീവനക്കാരും ക്ലര്‍ക്കുമാരും മാത്രമായ അവര്‍ തടസപ്പെടുത്തിയെന്നും നജ്മ ഹെപ്തുള്ള പറയുന്നു.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രവര്‍ത്തന രീതികള്‍ക്കും സഹകരണ തത്വങ്ങള്‍ക്കും എതിരായിരുന്നു സോണിയ ഗാന്ധിയുടെ രീതികളെന്നും നജ്മ ഹെപ്തുള്ള ആത്മകഥയില്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !