അദാനിയുടെ പേരില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ താല്‍പര്യമില്ല; മുന്നണിയുടെ യോഗത്തിൽ നിന്ന് ഒഴിവായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊൽക്കത്ത: വ്യവസായി അദാനിയുടെ കുറ്റപത്രവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനൊപ്പമല്ലെന്ന വ്യക്തമായ സന്ദേശവുമായി തൃണമൂല്‍ കോണ്‍ഗ്രസ്.


അദാനിയുടെ പേരില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്. മമതാ ബാനര്‍ജിയുടെ പാര്‍ട്ടി ഇന്ത്യ മുന്നണിയിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അദാനി നയത്തില്‍ എതിര്‍പ്പ് കാണിച്ച് മുന്നണിയുടെ മീറ്റിംഗില്‍ നിന്ന് ഒഴിവായി മാറിനിന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ നടന്ന ഇന്ത്യ ബ്ലോക്ക് നേതാക്കളുടെ യോഗം ഒഴിവാക്കിയാണ് പാര്‍ലമെന്റ് ഗൗതം അദാനിയുടെ പേരില്‍ തടസ്സപ്പെടുത്തുന്നതില്‍ തൃണമൂല്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ഫണ്ട് ലഭിക്കാത്ത സ്ഥിതി, മണിപ്പൂര്‍ അശാന്തി തുടങ്ങി ആറ് പ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം അദാനി വിഷയത്തില്‍ സമ്മര്‍ദം ചെലുത്താന്‍ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന വിമര്‍ശനമാണ് മമതയുടെ പാര്‍ട്ടിക്കുള്ളത്. തൃണമൂല്‍ ഇന്ന് നടന്ന ഇന്ത്യ ബ്ലോക്ക് യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നതോടെ കോണ്‍ഗ്രസ് വിരുദ്ധതയില്‍ മമതയുടെ നിലപാട് കടുക്കുന്നുവെന്നതിന്റെ സൂചന കൂടി ഉണ്ട്. അദാനിയെന്ന വ്യവസായ പ്രമുഖനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂട്ടുകെട്ട് വലിയ പ്രചാരണ ആയുധമായി പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ തൃണമൂല്‍ അദാനി കാര്യത്തില്‍ പിന്‍വലിയുന്നതിന്റെ പിന്നിലെന്ത് എന്ന ചോദ്യവുമുണ്ട്. കാരണം പ്രതിപക്ഷം പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശബ്ദമുയര്‍ത്തിയത് അദാനി വിഷയത്തില്‍ മാത്രമായിരുന്നില്ല. തൃണമൂല്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളിലടക്കമാണ് പ്രതിഷേധം ഉയര്‍ന്നത്. അദാനി, സംഭല്‍, മണിപ്പുര്‍ വിഷയങ്ങളിലാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം ഇന്നടക്കം ഉണ്ടായത്. ഈ വിഷയങ്ങളില്‍ അടിയന്തരപ്രമേയത്തിന് ലോക്‌സഭയിലും ചര്‍ച്ചയാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം നോട്ടിസ് നല്‍കുകയും ചെയ്തതാണ്.

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും മഴയും വെള്ളപ്പൊക്കവും ലോക്‌സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ മാണിക്കം ടാഗോര്‍ അദാനി വിഷയം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്നതിന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഫെംഗല്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍, മുസ്ലീം പള്ളിയുടെ സര്‍വേയെച്ചൊല്ലി ഉത്തര്‍പ്രദേശിലെ സംഭാലിലുണ്ടായ അക്രമം, ബംഗ്ലാദേശിലെ ഇസ്‌കോണ്‍ സന്യാസിമാരെ ലക്ഷ്യം വച്ചുള്ള ആക്രമണം, പഞ്ചാബിലെ നെല്ല് സംഭരണത്തിലെ കാലതാമസം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളുടെ എംപിമാര്‍ ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു.
 


 ഇത്രയും കാര്യങ്ങള്‍ നടന്നതിന് ശേഷമാണ് ഇന്ത്യ മുന്നണി മീറ്റിംഗ് അദാനിയ്‌ക്കെതിരായ പാര്‍ലമെന്റ് പ്രതിഷേധത്തിന്റെ കാര്യം ഉയര്‍ത്തി തൃണമൂല്‍ വേണ്ടെന്ന് വെച്ചതെന്നതാണ് ശ്രദ്ധേയം. അദാനി വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദീകരിക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് മുന്നണിയോഗം ഒഴിവാക്കിയതിലുള്ള പ്രതികരണം. മറ്റ് ഇന്ത്യ മുന്നണി പാര്‍ട്ടികളെ അപേക്ഷിച്ച് തങ്ങള്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പാര്‍ട്ണര്‍ അല്ലെന്നും അതിനാല്‍ തങ്ങളുടെ അജണ്ടയിലില്ലാത്ത കാര്യങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് തൃണമൂലിന്റെ രസകരമായ പ്രതികരണം. അദാനി ഗ്രൂപ്പ് തങ്ങള്‍ക്കെതിരായി യുഎസില്‍ ഉണ്ടായ കേസിനേയും കുറ്റപത്രത്തേയും തള്ളിക്കളയുകയും ഈ വെല്ലുവിളികള്‍ തങ്ങളെ ശക്തരാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് മമതയുടെ പാര്‍ട്ടിയുടെ പിന്നോട്ട് വലിയല്‍. മമതാ ബാനര്‍ജിയുടെ അനന്തിരവനും പാര്‍ട്ടിയുടെ രണ്ടാം സ്ഥാനക്കാരനുമായ അഭിഷേക് ബാനര്‍ജി നേരത്തെ ബംഗാളിന്റെ വിഷയങ്ങള്‍ക്കാണ് പാര്‍ലമെന്റിലെ ശൈത്യകാല സമ്മേളനത്തില്‍ തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് പറയുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ലമെന്റ് സമ്മേളനം തടസമില്ലാതെ നടക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും തൃണമൂല്‍ എംപി കാകോലി ഗോഷ് ദസ്തിദാര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങളെ തുടര്‍ന്ന് വഷളാകുന്നുവെന്നതാണ് തൃണമൂലിന്റെ അടക്കം നിഷേധാത്മക സമീപനങ്ങളിലൂടെ വ്യക്തമാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !