ന്യൂഡൽഹി: സ്വകാര്യ എണ്ണവിതരണ കമ്പനികൾ പെട്രോളിനും ഡീസലിനും ലീറ്ററിന് 5 രൂപവരെ ഡിസ്കൗണ്ട് ഓഫർ ലഭ്യമാക്കി തുടങ്ങിയതോടെ വെട്ടിലായി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. രാജ്യത്ത് പലയിടത്തും സ്വകാര്യ കമ്പനികളുടെ ഓഫർമൂലം പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകളുടെ വിപണി വിഹിതം ഇടിഞ്ഞുവെന്ന് പമ്പുടമകൾ പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയും ലീറ്ററിന് 5 രൂപവരെ അടിയന്തരമായി കുറയ്ക്കണമെന്ന സമ്മർദവുമായി പമ്പുടമകൾ രംഗത്തെത്തിയിട്ടുണ്ട്.
സ്വകാര്യ കമ്പനികളായ റിലയൻസ്-ബിപി, നയാര എന്നിവയാണ് പെട്രോളിനും ഡീസലിനും ലീറ്ററിന് 3- 5 രൂപ ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ചത്. ‘ഹാപ്പി അവേഴ്സ് ഡിസ്കൗണ്ട്’ എന്ന പേരിൽ ഇവ ഡിസ്കൗണ്ട് ഓഫർ ആരംഭിച്ചതോടെ, രാജ്യത്ത് പലയിടത്തും വിപണിവിഹിതത്തിൽ 50% വരെ നഷ്ടമായെന്നു പൊതുമേഖലാ കമ്പനികളുടെ പെട്രോളിയം ഡീലർമാർമാർ വ്യക്തമാക്കി.
വില വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഡൽഹി, പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിലെ പമ്പുടമകളും രംഗത്തെത്തിയിട്ടുണ്ട്. ‘ഹാപ്പി അവേഴ്സ് ഡിസ്കൗണ്ട്’ ഓഫർ പ്രകാരം രാവിലെ 10നും വൈകിട്ട് 5നും ഇടയ്ക്ക് ഇന്ധനം നിറയ്ക്കുന്നവർക്ക് പെട്രോളിന് ലിറ്ററിന് മൂന്നുരൂപ വീതം ഡിസ്കൗണ്ട് എന്നാണ് ജിയോ-ബിപിയുടെ സാമൂഹികമാധ്യമ പരസ്യം വ്യക്തമാക്കുന്നത്. മിനിമം 1,000 രൂപയ്ക്ക് ഇന്ധനം നിറച്ചാൽ പരമാവധി 5 രൂപവരെ ഓരോ ലീറ്ററിനും ഡിസ്കൗണ്ട് വാഗ്ദാനവുമുണ്ട്. അവസാനം വില മാറിയത് ഒക്ടോബർ 30ന് രാജ്യത്ത് ആകെ 90,639 പെട്രോൾ പമ്പുകളുണ്ടെന്നാണു കണക്കുകൾ. ഇതിൽ 90 ശതമാനവും പൊതുമേഖലാ എണ്ണക്കമ്പനികളുടേതാണ്. രാജ്യത്തെ മൊത്തം ഇന്ധനവിൽപനയിൽ 90-95% കൈയാളുന്നതും പൊതുമേഖലാ എണ്ണക്കമ്പനികളാണ്. ഈ രംഗത്തേക്കാണ് ഡിസ്കൗണ്ട് ഓഫറുകളുമായി സ്വകാര്യ കമ്പനികൾ കടന്നുകയറുന്നത്. ഇന്ത്യയിൽ ഓരോ ദിവസവും ശരാശരി ഏഴു കോടിപ്പേരാണ് പെട്രോൾ പമ്പിലെത്തുന്നത്.
കഴിഞ്ഞ ഒക്ടോബർ 30നാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ അവസാനമായി മാറ്റമുണ്ടായത്. പെട്രോൾ പമ്പുടകൾക്കു നൽകുന്ന ഡീലർ കമ്മിഷൻ വർധിപ്പിക്കുകയും രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് ഇന്ധനമെത്തിക്കാനുള്ള സംസ്ഥാനാനന്തര ചരക്കുനീക്ക ഫീസ് കുറയ്ക്കുകയും ചെയ്ത പൊതുമേഖലാ കമ്പനികളുടെ തീരുമാനമാണ് ഇതിനു വഴിയൊരുക്കിയത്. അന്ന്, കേരളത്തിൽ ചിലയിടത്ത് ഇന്ധനവില കൂടിയപ്പോൾ ചിലയിടത്ത് കുറയുകയായിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 107.56 രൂപയായിരുന്നത് 107.48 രൂപയായി കുറഞ്ഞപ്പോൾ ഡീസൽ വില 96.43 രൂപയിൽനിന്ന് 96.48 രൂപയായി കൂടി. കൊച്ചിയിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞിരുന്നു. പെട്രോളിന് 105.57 രൂപയിൽനിന്ന് 105.49 രൂപയിലേക്കും ഡീസലിന് 94.50 രൂപയിൽനിന്ന് 94.43 രൂപയിലേക്കുമാണ് കുറഞ്ഞത്. ഒഡീഷയിൽ അന്ന് പെട്രോളിനും ഡീസലിനും 4.69 രൂപവരെ കുറഞ്ഞിരുന്നു. ക്രൂഡ് ഓയിൽ വിലയുടെ സ്വാധീനം
രാജ്യാന്തര ക്രൂഡ് ഓയിൽ വില (ഡബ്ല്യുടിഐ ക്രൂഡ്) ഇപ്പോൾ ബാരലിന് 69.78 ഡോളറിലാണുള്ളത്; ബ്രെന്റ് ക്രൂഡ് വില 73.22 ഡോളറും. കഴിഞ്ഞവാരം മൂന്നുദിവസത്തിനിടെ 5% വരെ വിലയിടിഞ്ഞശേഷം ഇപ്പോൾ മെല്ലെ കയറിയിട്ടുണ്ട്. 2025ൽ പൊതുവേ ക്രൂഡ് ഓയിൽ ഡിമാൻഡ് കുറയുമെന്നാണ് സൗദിയും റഷ്യയും നയിക്കുന്ന ഒപെക് പ്ലസ് കൂട്ടായ്മയുടെ വിലയിരുത്തൽ. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ഉപഭോക്താക്കളായ യുഎസിലും ചൈനയിലും ഇറക്കുമതി ഡിമാൻഡ് കുറയുമെന്നും വിലയിരുത്തപ്പെടുന്നു. പുനരുപയോഗ ഊർജത്തിന്റെ സ്വീകാര്യത വർധിക്കുന്നതും തിരിച്ചടിയാണ്. 2024ൽ ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 80 ഡോളറായിരുന്നു. 2025ൽ ഇത് 70 ഡോളറിലേക്ക് താഴുമെന്നാണ് ഫിച്ച് പോലുള്ള റേറ്റിങ് ഏൻസികളും കരുതുന്നത്. അതായത്, പുതുവർഷത്തിൽ ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കാനാണ് സാധ്യത. ഫലത്തിൽ, അടുത്തവർഷമെങ്കിലും പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ നിർബന്ധിതരാകും. ജിയോ-ബിപിയും നയാരയും ലീറ്ററിന് 10-15 രൂപ വീതം ലാഭമാർജിൻ നേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ അവ രാജ്യവ്യാപകമായി വിതരണശൃംഖല വളർത്തുകയുമാണ്. ഈ വെല്ലുവിളി നേരിടാനും വില കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് പൊതുമേഖലയിലെ പമ്പുടമകൾ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.