ശിവകാശി:ക്രിസ്മസ് – പുതുവത്സര ആഘോഷത്തിന് കേരളത്തിനു പൊട്ടിച്ച് ആഘോഷിക്കാനുള്ള പടക്കങ്ങളൊരുക്കി ശിവകാശി വിപണി. ദീപാവലിക്കു ശേഷം വരുന്ന ഏറ്റവും വലിയ സീസണായതിനാൽ വ്യത്യസ്തങ്ങളായ പടക്കങ്ങളുടെ വലിയ ശ്രേണിയാണ് ശിവകാശി പടക്ക വിപണിയിൽ ഒരുങ്ങിയിരിക്കുന്നത്. കേരളത്തിലേക്ക് നല്ല കച്ചവടമാണ് നടക്കുന്നതെന്ന് ശിവകാശിയിലെ ജയ് ഫയർവർക്സ് ഉടമ നടത്തുന്ന വേൽമുരുകൻ പറഞ്ഞു.
പടക്ക വിപണിയിലെ വിൽപനയിൽ ഭൂരിഭാഗവും ഫാൻസി ഐറ്റംസായെന്നാണ് വേൽമുരുകൻ പറയുന്നത്. ‘‘കേരളത്തിലേക്ക് നല്ല കച്ചവടമാണ് ക്രിസ്മസ് – പുതുവത്സര സീസണിൽ നടക്കുന്നത്. പടക്ക വിപണിയിൽ ഇപ്പോൾ ഫാൻസി ഐറ്റംസിനാണ് പ്രിയം കൂടുതൽ. ദീപാവലിക്ക് പുറത്തിറക്കാതിരുന്ന പല സ്പെഷൽ ഐറ്റങ്ങളും പുതുവത്സര ആഘോഷങ്ങൾക്ക് ഉണ്ടാകും.
കേന്ദ്ര സർക്കാരിന്റെ നിർദേശമുള്ളതിനാൽ വെടിമരുന്നു കൂടുതലായി ഉപയോഗിക്കുന്ന പടക്കങ്ങളുടെ നിർമാണം കുറച്ചു. ഫാൻസി ഐറ്റങ്ങളിൽ കൂടുതൽ വ്യത്യസ്തത കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.’’ – വേൽമുരുകൻ പറഞ്ഞു.
‘‘ഈ വർഷത്തെ സ്പെഷലുകളിൽ ക്രിക്കറ്റ് ബാറ്റ് ആണ് ഹിറ്റ്. കുട്ടികൾക്ക് കത്തിക്കാനുള്ള കമ്പിത്തിരിയാണിത്. ക്രിക്കറ്റ് ബാറ്റ് പോലെ പിടിക്കാൻ കഴിയുന്നതിനാൽ, മറ്റു കമ്പിത്തിരികളേക്കാൾ അപകടസാധ്യത കുറവാണ്. അതുപോലെ താറാവിനും ഇക്കുറി നല്ല വിൽപനയാണ്. ഇതും ഫാൻസി ഐറ്റമാണ്. കത്തിച്ചാൽ ബലൂൺ പോലെ വീർത്ത് മുട്ടയിടുന്നതാണ് താറാവ്. ഇത് കുട്ടികൾക്ക് വലിയ ഇഷ്ടമാണ്.
ദീപാവലിക്ക് ഇറക്കിയ മയിൽ പടക്കത്തിന്റെ പുതിയൊരു ഐറ്റവും നോക്കുന്നുണ്ട്. കത്തിച്ചു കഴിഞ്ഞാൽ പല നിറങ്ങളിൽ മയിലിന്റെ പീലിയുടെ ആകൃതിയിൽ മൂളി (പൂക്കുറ്റി) വിരിയുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിൽ തന്നെ ചെറുതും വലുതുമുണ്ട്. മദ്യക്കുപ്പികളുടെ ആകൃതിയിൽ വരുന്ന പൂക്കുറ്റികൾക്കും ആവശ്യക്കാർ ഏറെയാണ്. കേരളത്തിൽ നിന്നുള്ളവരാണ് കൂടുതലും വാങ്ങുന്നത്. റെഡ് ലേബൽ, ബ്ലൂ ലേബർ, ഗ്രീൻ ലേബൽ തുടങ്ങി പല പേരുകളിലും ഇതുണ്ട്. ഒറ്റനോട്ടത്തിൽ മദ്യക്കുപ്പി പോലെ തോന്നുമെങ്കിലും ഉള്ളിൽ പൂക്കുറ്റികളാണ്. പൂക്കുറ്റി വിരിയുന്ന നിറത്തിന്റെ പേരാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്.’’ – വേൽമുരുകൻ പറഞ്ഞു.
ദീപാവലി – പൂജ, വിഷു, ക്രിസ്മസ് – പുതുവത്സര സീസണുകളിലായി വർഷംതോറും 6000 കോടി രൂപയുടെ പടക്ക കച്ചവടമാണു ശിവകാശി എന്ന കൊച്ചു പട്ടണത്തിൽ നടക്കുന്നത്. ശിവകാശി ടൗണിലാണു വ്യാപാരം നടക്കുന്നതെങ്കിലും ടൗണിനു പുറത്തുള്ള കൊച്ചു ഗ്രാമങ്ങളിലാണ് പടക്ക ഫാക്ടറികൾ. അവിടങ്ങളിലെ ഗ്രാമീണരാണ് ഫാക്ടറികളിൽ ജോലി ചെയ്യുന്നത്. ചെറുതും വലുതുമായ ആയിരത്തിലധികം പടക്കനിർമാണ യൂണിറ്റുകളാണു ശിവകാശി ഉൾപ്പെടുന്ന വിരുദുനഗർ ജില്ലയിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.