ന്യൂഡൽഹി: അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുതിർന്ന പൗരന്മാർക്കു പുതിയ പദ്ധതിയുമായി ഡൽഹിയിലെ എഎപി സർക്കാർ. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എല്ലാ മുതിർന്ന പൗരന്മാർക്കും സൗജന്യ ചികിത്സയാണ് എഎപി അധ്യക്ഷൻ അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചത്. അടുത്തതവണ അധികാരത്തിൽ വന്നാൽ, 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ‘സഞ്ജീവനി യോജന’ എന്ന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എബി – പിഎംജെഎവൈ) പദ്ധതി സംസ്ഥാനത്ത് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണു മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക പദ്ധതിയുമായി എഎപി രംഗത്തെത്തുന്നത്. 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപ്പാക്കുന്ന പദ്ധതി ‘അപ്രായോഗിക’മാണെന്ന നിലപാടാണ് എഎപിയുടേത്.
പാവപ്പെട്ടവർക്കു സൗജന്യ ചികിത്സ നൽകുന്ന ഡൽഹി സർക്കാരിന്റെ പദ്ധതിയെപ്പോലെയല്ല, പാവപ്പെട്ടവരാണെങ്കിലും 5 ലക്ഷത്തിനുമുകളിൽ ചികിത്സാച്ചെലവു വന്നാൽ സർക്കാർ ആശുപത്രികളിൽപ്പോലും അത് അടയ്ക്കേണ്ടിവരുന്നതാണ് എബി – പിഎംജെഎവൈയുടെ പ്രശ്നമെന്നും ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
‘‘ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ അനിയന്ത്രിതമായി സൗജന്യ ചികിത്സ അനുവദിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് 50 ശതമാനം രോഗികളും ഡൽഹിയിലെത്തിയാണ് ചികിത്സ തേടുന്നത്. പാവപ്പെട്ടവരുടെ ആവശ്യങ്ങൾ കേന്ദ്രപദ്ധതികൊണ്ട് നിറവേറുന്നില്ലെന്നതാണ് ഇതിൽനിന്നു വ്യക്തമാകുന്നത്’’ – മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.