കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ ജംക്‌ഷനിൽ റോഡിന്റെ ഒരുവശം പൂർണമായും അടച്ച് സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി സ്റ്റേജ് കെട്ടിയ സംഭവത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) നേരിട്ട് ഹാജരായി വസ്തുതകൾ വിശദീകരിക്കണമെന്ന് ഹൈക്കോടതി. ബന്ധപ്പെട്ട രേഖകളുമായി വ്യാഴാഴ്ച ഹാജരാകാനാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
പൊതുവഴികൾ തടസ്സപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുൻ ഉത്തരവുകൾ ഒട്ടേറെയുണ്ടായിട്ടും ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിപാടി നടന്നത് പൊതുറോഡിലാണെന്നും കോടതിയലക്ഷ്യ കേസാണെന്നും വ്യക്തമാക്കിയ കോടതി, ആരാണ് യോഗത്തിൽ പങ്കെടുത്തത് എന്നും ആരാഞ്ഞു. സ്വമേധയാ കേസെടുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നു വ്യക്തമാക്കിയാണ് എസ്എച്ച്ഒയോട് നേരിട്ടു ഹാജരാകാൻ നിർദേശിച്ചത്.
ഡിസംബർ അഞ്ചിന് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വഞ്ചിയൂർ കോടതി, പൊലീസ് സ്റ്റേഷനു മുന്നിലൂടെ പോകുന്ന റോഡ് അടച്ചുകെട്ടിയതിനെതിരെ അഭിഭാഷകനായ എൻ.പ്രകാശാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി, ഈ വിഷയത്തില്‍ സുപ്രീം കോടതിയും 2021 ജനുവരി എട്ടിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് നടന്നിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. സർക്കുലര്‍ ഒക്കെ കോൾഡ് സ്റ്റോറേജിൽ വച്ചിരിക്കുകയാണ്. സാഹചര്യങ്ങള്‍ മുൻപുണ്ടായിരുന്നതിലും മോശമായെന്നും കോടതി പറഞ്ഞു.
എറണാകുളത്ത് കോർപറേഷൻ ഓഫിസിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതയിൽ കസേര നിരത്തി വച്ചിരിക്കുന്നത് കണ്ടു. എറണാകുളം ജില്ലാ ആശുപത്രിയുടെ മുന്നിലൂടെ ഒട്ടേറെ കാൽനടക്കാർ പോകുന്നതാണ്. ഇതുപോലെ വഞ്ചിയൂരിൽ നടന്നതും ഗൗരവമായി കാണുന്നു. ആരാണു യോഗം നടത്തിയത്, ആരൊക്കെ പങ്കെടുത്തു, ഏതൊക്കെ വാഹനങ്ങളാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയിക്കണം.
നടപ്പാത അടച്ചുകെട്ടുന്നത് ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശത്തെ തടയലാണ്. ഇക്കാര്യത്തിൽ ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ കൃത്യമായ സർക്കുലറുകളുണ്ട്. നടപ്പാത അടച്ചു കെട്ടുന്നതു വഴി കാൽനടക്കാര്‍ നടക്കാൻ മറ്റു ഭാഗങ്ങൾ തേടേണ്ടി വരുന്നു, ഇത് അപകടത്തിന് ഇടയാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.