ന്യൂഡൽഹി: പാർട്ടി വിപ്പ് നൽകിയിട്ടും ‘ഒരു രാജ്യം, ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബിൽ അവതരണ സമയത്ത് ലോക്സഭയിൽ ഹാജരാകാതെ 20 ബിജെപി അംഗങ്ങൾ. നിർബന്ധമായും സഭയിലുണ്ടാകണമെന്നായിരുന്നു പാർട്ടി നിർദേശം. പങ്കെടുക്കാത്ത അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകും. നിതിൻ ഗഡ്‌കരി അടക്കമുള്ള മന്ത്രിമാരും ബിൽ അവതരിപ്പിക്കുമ്പോൾ സഭയിലുണ്ടായിരുന്നില്ല.
പങ്കെടുക്കില്ലെന്ന വിവരം ഇവർ പാർട്ടിയെ മുൻകൂട്ടി അറിയിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ്, സി.ആർ.പാട്ടിൽ എന്നിവരും സഭയിലുണ്ടായിരുന്നില്ല. ശന്തനു താക്കൂർ, ജഗദംബിക പാൽ, ബി.വൈ.രാഘവേന്ദ്ര, വിജയ് ഭാഗൽ, ജയന്ത് കുമാർ, വി.സോമയ്യ, ചിന്താമണി മഹാരാജ്, ഉദയരാജ് ഭോൺസലെ, ജഗന്നാഥ് ശങ്കർ അടക്കമുള്ളവരും പങ്കെടുത്തില്ല. ബില്ലുകൾ പാർലമെന്ററി സമിതിയുടെ (ജെപിസി) പരിശോധനയ്ക്കു വിടുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ബില്ലുകളുടെ അവതരണത്തെ 263 പേർ അനുകൂലിച്ചപ്പോൾ 198 പേർ എതിർത്ത് വോട്ട് ചെയ്തു. ഒരേ സമയമുള്ള തിരഞ്ഞെടുപ്പ് 2034 ൽ നടത്തുംവിധമാണു ഭരണഘടനാ ഭേദഗതി ബില്ലിലെ വ്യവസ്ഥ. ഭേദഗതിക്ക് അനുസൃതമായി ഡൽഹിയിലും നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളിലും തിരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ചാണു നിയമഭേദഗതി. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ വോട്ട് ചെയ്യുന്നവരുടെ ‘മൂന്നിൽ രണ്ട് ഭൂരിപക്ഷം’ വേണമെന്ന കടമ്പ കടക്കാൻ എൻഡിഎയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ബില്ലുകളുടെ അവതരണസമയത്തെ വോട്ടെടുപ്പു ഫലം. ബിൽ പാസാക്കണമെങ്കിൽ ഇരുസഭകളിലും കേവലഭൂരിപക്ഷവും (272), വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം.
ഇന്നലെ ലോക്സഭയിലെ വോട്ടെടുപ്പിൽ പോലും ആകെ പോൾ ചെയ്യപ്പെട്ട 461 വോട്ടുകളിൽ 307 കിട്ടിയാൽ മാത്രമേ മൂന്നിൽ രണ്ട് ഭൂരിപക്ഷമാകൂ. ബില്ലിനെ അനുകൂലിച്ചുള്ള വോട്ടുകൾ 263 എണ്ണം മാത്രമായിരുന്നു. അതായത് കേവലഭൂരിപക്ഷമായ 272 ലും താഴെ. ഇപ്പോൾ 542 പേരുള്ള സഭയിൽ എല്ലാവരും ഹാജരാണെങ്കിൽ, 362 പേരുടെ പിന്തുണയുണ്ടെങ്കിലേ ലോക്സഭയിൽ ബിൽ പാസാകൂ. ബിൽ പാസാകണമെങ്കിൽ പ്രതിപക്ഷത്തുള്ള വലിയ കക്ഷികളെ കൂട്ടുപിടിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.