ഹൈദരാബാദ് : പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രീമിയർ ഷോകൾ നിരോധിച്ച നടപടി പിൻവലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുങ്ക് സിനിമാ പ്രതിനിധി സംഘത്തോടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചിരഞ്ജീവി, അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദ്, വെങ്കടേഷ് അടക്കമുള്ള പ്രമുഖ താരങ്ങളും നിർമാതാക്കളും മറ്റ് തെലുങ്ക് ഫിലിംചേംബർ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല.
ചരിത്രം, സ്വാതന്ത്ര്യസമരം, മയക്കുമരുന്നുകൾക്കെതിരായ സന്ദേശം എന്നിവ പ്രമേയമാക്കിയ സിനിമകൾക്ക് മാത്രമേ ഇളവുകളുണ്ടാകൂ. ആരാധകരെയും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും നിയന്ത്രിക്കേണ്ടത് താരങ്ങളാണെന്നും രേവന്ത് നിർമാതാക്കളോട് പറഞ്ഞു.
അതേ സമയം സംക്രാന്തി റിലീസുകളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം. രാംചരണിന്റെയും ബാലകൃഷ്ണയുടെയും വെങ്കടേഷിന്‍റേതുമായി മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളാണ് സംക്രാന്തിക്ക് റിലീസിനൊരുങ്ങുന്നത്.
പ്രീമിയർ ഷോയ്‌ക്കിടെ യുവതി മരിച്ച സംഭവം നിർഭാഗ്യകരമാണെന്നും സർക്കാർ ആ കുടുംബത്തിനൊപ്പമുണ്ടെന്നും രേവന്ത് വ്യക്തമാക്കി. പുഷ്പ 2 പ്രീമിയർ ദുരന്തത്തെത്തുടർന്ന് സ്ത്രീ മരിച്ച കേസിൽ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തതും പിന്നീട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും തെലങ്കാനയിൽ വലിയ രാഷ്‌ട്രീയപ്പോരിനാണ് വഴിവച്ചത്.
തുടർന്ന് പ്രശ്നപരിഹാരം ലക്ഷ്യമിട്ടാണ് നിർമാതാക്കളുടെ സംഘടനകളും താരങ്ങളും ചേർന്ന് ഇന്ന് രേവന്ത് റെഡ്ഡിയെ കാണാനെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.