തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സി.പി.എം സമ്മേളനം നടത്തിയതിനെ ന്യായീകരിച്ചുകൊണ്ട് എ. വിജയരാഘവൻ നടത്തിയ അമ്മായിയമ്മ പരാമർശത്തിനെ തള്ളാതെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിജയരാഘവന്റേത് വെറും ആലങ്കാരികമായ പരാമർശമാണെന്ന് എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെക് 7 വിവാദവുമായി ബന്ധപ്പെട്ട് പി.മോഹനനെ തള്ളുകയും ചെയ്തു അദ്ദേഹം.
മെക് 7 പല സ്ഥലങ്ങളിലുമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് എം.വി.ഗോവിന്ദൻ മറുപടി പറഞ്ഞു. സി.പി.എമ്മിന് ഓരോന്നിനെക്കുറിച്ചും വ്യക്തമായ നിലപാടുണ്ട്. അത് ഏതെല്ലാം എങ്ങനെയെല്ലാം വർഗീയ ശക്തികളും തീവ്രവാദ പ്രസ്ഥാനങ്ങളും വിവിധങ്ങളായ മേഖലകളിൽ ഇടപെടുന്നുണ്ടെന്ന് വ്യക്തതയുണ്ട്. എന്നാൽ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന മെക് 7 എന്ന പേര് ഏതെങ്കിലുമൊരു വർഗീയവാദ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള ഉപകരണമായാണ് പ്രവർത്തിക്കുന്നത് എന്നൊന്നും സി.പി.എം പറഞ്ഞിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
"ഏതെങ്കിലും രീതിയിലുള്ള കൂട്ടായ്മകൾ മുഴുവൻ വർഗീയമാണെന്നു പറയാൻ സാധിക്കുന്നതല്ല. വർഗീയത എന്നത് എല്ലാ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളവും പ്രശ്നമാണ്. മെക് 7-നേക്കുറിച്ച് പി.മോഹനൻ ഉദ്ദേശിച്ചതെന്തെന്ന് അദ്ദേഹംതന്നെ വിശദീകരിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ കായിക പരിശീലനമോ അതിന്റെ ഭാഗമായി നിൽക്കുന്ന എന്തെങ്കിലും കാര്യങ്ങളോ വർഗീയമാണ് എന്നുള്ള അഭിപ്രായം സി.പി.എമ്മിനില്ല." അദ്ദേഹം വ്യക്തമാക്കി.
ഒരു പ്രസംഗത്തിന്റെ ഭാഗമായി ആലങ്കാരികമായി പറയുന്ന ഏതെങ്കിലും പദപ്രയോഗങ്ങളെല്ലാം വലിയ പ്രത്യയശാസ്ത്രപരമായ കാര്യങ്ങളായി ചർച്ച ചെയ്യേണ്ടതുണ്ടോ എന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു. വിജയരാഘവന്റെ അമ്മായിയമ്മ പ്രയോഗത്തിനേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മറുപടിയായിരുന്നു ഇത്. ആ വിഷയത്തിൽ ചർച്ച ചെയ്യേണ്ട ഒരു കാര്യവുമില്ല. വിജയരാഘവനല്ല ആരു പറഞ്ഞാലും അതൊരു പ്രത്യയശാസ്ത്ര പ്രശ്നമായി കൈകാര്യംചെയ്യേണ്ട കാര്യമില്ല. മാധ്യമങ്ങൾക്ക് സി.പി.എമ്മിനെതിരായി പറയാൻ വേറൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഒരു പ്രശ്നമുണ്ടാക്കാൻ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എമ്മിന്റെ കുന്ദംകുളം ഏരിയാ സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി പാര്‍ട്ടി സമ്മേളനം നടത്തിയ വിഷയത്തെ എ.വിജയരാഘവൻ ന്യായീകരിച്ചത്."പത്ത് കാറ് പോകാന്‍ എത്രസ്ഥലം വേണം ഇങ്ങളൊന്നാലോചിച്ച് നോക്കിയേ, അതാരും പറയണില്ല. ഇവരെല്ലാരും കൂടി ഈ കാറില്‍ പോകേണ്ട കാര്യമുണ്ടോ? നടന്നുപോയാല്‍പോരെ. പണ്ടൊക്കെ നമ്മള്‍ നടന്നുപോകാറില്ലേ. ഇത്ര കാറുപോകണുണ്ടല്ലോ എന്നാരെങ്കിലും ചോയ്ക്കലുണ്ടോ ഇല്ലല്ലോ. എന്നാ ഇത്ര വല്യ കാറില്‍ പോകണോ? ഒരു കുഞ്ഞിക്കാറില്‍ പോയാല്‍ പോരെ. വലിയ കാറില്‍ പോകുമ്പോള്‍ അത്രയും സ്ഥലം പോകുകയല്ലെ. 25 കാര്‍ പോകുമ്പോള്‍ 25 ആളെ പോകുന്നുള്ളൂ എന്നതാണ് സത്യം.
മെല്ലെ ഇങ്ങനെ ഉരുട്ടി പോണുണ്ടാകും. ഞായറാഴ്ച തിരക്ക് കുറവാണ്. അമ്മായിയമ്മയുടെ വീട്ടിലും മറ്റും പോവുകയാണ്. കാര്യം പറഞ്ഞും സല്ലപിച്ചും പതിയെ പോകും. അത്യാവശ്യത്തിന് പോകുന്നവര്‍ വളരെ കുറവാണ്. ഞാനതിന് എതിരൊന്നുമല്ല. കാറുള്ളവന്‍ കാറില്‍ പോകും. കാറുള്ളവന്‍ കാറില്‍ പോകുന്നതുപോലെ തന്നെ പാവങ്ങള്‍ക്ക് ഒരു ജാഥ നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചുതരണമെന്ന് വളരെ വിനയപൂര്‍വം ഞാന്‍ അഭ്യര്‍ഥിക്കുകയാണ്." വിജയരാഘവന്റെ വാക്കുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.