തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരള സിലബസ് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ഓൺലൈൻ ട്യൂഷൻ ചാനൽ വഴി ചോർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. സർക്കാർ ജോലിയിലിരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങൾ പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും സ്വീകരിക്കും. അധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പിഎസ്സി ലിസ്റ്റുകൾ തന്നെ നിലവിലുണ്ട്. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പിടിഎ അധികൃതരോട് മന്ത്രി അഭ്യർഥിച്ചു.
പരീക്ഷാപ്പേപ്പറിലെ ചില ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ വന്നതിനെ കുറിച്ചുള്ള ശക്തമായ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കർശന നടപടികളാണ് കൈക്കൊള്ളുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകുകയും ഡിജിപിയെ നേരിൽ കാണുകയും ചെയ്തു. മന്ത്രി ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അറിയിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകുമെന്നും ശിവൻകുട്ടി പറഞ്ഞു. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ഓൺലൈൻ ട്യൂഷൻ ചാനൽ വഴി ചോർന്ന സംഭവം പൊലീസ് ക്രൈംബ്രാഞ്ചും വിദ്യാഭ്യാസ വകുപ്പുമാണ് അന്വേഷിക്കുന്നത്. എഡിജിപി എച്ച്.വെങ്കിടേഷിനാണു ക്രൈംബ്രാഞ്ച് അന്വേഷണച്ചുമതല. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് ചെയർമാനായ 6 അംഗ സമിതിയാണു വകുപ്പുതല അന്വേഷണം നടത്തുക. സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നു വി.ശിവൻകുട്ടി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.