നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്കുവേണ്ടി കൈക്കൂലി പിരിക്കുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് വൻതുക കൈക്കൂലി നൽകണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി. ഓഫീസിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽപ്പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിലൂടെ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓഫീസ് പരിസരത്തുണ്ടായിരുന്ന സ്വകാര്യ ഡ്രൈവറുടെ പക്കൽനിന്ന് 3500 രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്നുനടത്തിയ പരിശോധനയിൽ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുകകൾ ജോയിന്റ് ആർ.ടി.ഒ.ക്കുവേണ്ടി ഡ്രൈവറുടെ ഗൂഗിൾപേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായി കണ്ടെത്തി.
നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽനിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങൾ ഒന്നുംതന്നെ കൈക്കൂലി നൽകാതെ ലഭിക്കുന്നില്ലായെന്ന് പരാതിയുണ്ട്. ഇതുസംബന്ധിച്ച് തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.