റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷാ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ വസതിയിലേക്ക് കാൽനട മാർച്ച് നടത്തിയ നിരവധി കോൺഗ്രസ് അംഗങ്ങളെ ചൊവ്വാഴ്ച പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചക്കാണ് റായ്പൂരിലെ ഗാന്ധി മൈതാനിയിൽനിന്ന് പ്രതിപക്ഷമായ കോൺഗ്രസിന്റെയും യുവജന വിഭാഗത്തിന്റെയും അംഗങ്ങൾ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. അവർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകുമ്പോൾ നിരവധി പ്രതിഷേധക്കാരെ തടഞ്ഞുവെക്കുകയും പിന്നീട് വൈകുന്നേരത്തോടെ വിട്ടയക്കുകയും ചെയ്തുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ തടയാൻ മുഖ്യമന്ത്രിയുടെ വീടിനു സമീപം കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചതായി പാർട്ടി ഭാരവാഹി പറഞ്ഞു. പാർലമെന്റിൽ അടുത്തിടെ ബി.ആർ അംബേദ്കറെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശം വിവാദമായിരുന്നു. അംബേദ്കറെ പരിഹസിച്ചിന് അമിത് ഷാ രാജിവെക്കണമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളോടും മാപ്പ് പറയണമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ്, സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആകാശ് ശർമ എന്നിവരും കാൽനട മാർച്ചിൽ പങ്കെടുത്തു.
സംസ്ഥാനത്തെ ക്രമസമാധാനം, മയക്കുമരുന്ന് വിൽപന, ഉയർന്ന വൈദ്യുതി നിരക്ക്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചു. നേരത്തെ, റായ്പൂർ മുനിസിപ്പൽ കോർപ്പറേഷന് മുന്നിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ദീപക് ബൈജും സംസാരിച്ചു. കഴിഞ്ഞ മാസം റായ്പൂരിലെ സെൻട്രൽ ജയിലിന് പുറത്ത് ഒരാൾക്ക് നേരെ വെടിയുതിർത്ത സംഭവം പരാമർശിക്കവെ, സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ബൈജ് ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.