ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഇക്കാര്യം ചെയ്യാനായി രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരും. അതിന് മുന്നോടിയായി കോണ്‍ഗ്രസ് എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ലോക്സഭ സ്പീക്കര്‍ വിലക്കേര്‍പ്പെടുത്തി. പ്രവേശനകവാടങ്ങളില്‍ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ എം പിമാര്‍ക്ക് നിര്‍ദേശം നല്കി. കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ലയുടെ കടുത്ത നടപടി.
അതിനിടെ, രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപി അടക്കം നല്കിയ പരാതിയില്‍ നടപടികള്‍ കടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. സംഘര്‍ഷങ്ങള്‍ക്കിടെ പരിക്കേറ്റ് രണ്ട് ബിജെപി എംപിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി തള്ളിയതാണെന്നാണ് ബിജെപിയുടെ ആരോപണം.
പരിക്കേറ്റെന്ന് ബിജെപി പറയുന്ന എംപിമാരായ മുകേഷ് രജ്പുതിനേയും പ്രതാപ് സാരംഗിയേയുമാണ് ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ രാഹുലിനെതിരെ ബിജെപി നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ശാരീരികമായി അക്രമിച്ചെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നുമാണ് കേസ്. നിയമോപദേശം തേടിയ ശേഷമാണ് നടപടിയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
സെക്ഷന്‍ 109, 115, 117, 121,125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പരാതി നല്‍കിയത്. രാഹുല്‍ഗാന്ധി മോശമായി പെരുമാറിയെന്നാരോപിച്ച് ബിജെപിയുടെ നാഗാലാന്‍ഡില്‍ നിന്നുള്ള വനിതാ എംപി ഫോങ്നോന്‍ കോന്യാകും രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.