വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ചില പ്രമുഖർ വിട പറഞ്ഞ വർഷമാണ് 2024. ഈ വർഷം കേരളത്തിന് നഷ്ടമായ പ്രമുഖർ ആരൊക്കെയെന്ന് നോക്കാം.
എം. എം. ലോറൻസ്
മുതിർന്ന സിപിഐ എം നേതാവും തൊഴിലാളി യൂണിയൻ സംഘാടകനും മുൻ ലോക്‌സഭാംഗവുമായിരുന്ന എം. എം. ലോറൻസ് (95) ഓർമയായത് ഈ വർഷമായിരുന്നു. സെപ്റ്റംബർ 21 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം.
എം.എം.ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിനായി കൈമാറുന്നതിനെച്ചൊലി മക്കള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിരുന്നു. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മകളുടെ ഹർജി ഹൈക്കോടതി തള്ളുകയും മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനുള്ള തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയും ചെയ്തു.കവിയൂർ പൊന്നമ്മ
അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്ന കവിയൂർ പൊന്നമ്മ (79) അന്തരിച്ചത് 2024ല്‍ മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടങ്ങളില്‍ ഒന്നായിരുന്നു. സെപ്റ്റംബർ 20ന് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
അറുപത് വര്‍ഷത്തോളം നീണ്ട സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്.കീരിക്കാടൻ ജോസ്
മലയാള സിനിമാ പ്രേമികള്‍ക്കിടയില്‍ വില്ലൻ വേഷങ്ങളില്‍ തിളങ്ങിയ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അരങ്ങൊഴിഞ്ഞത് 2024ന്റെ നഷ്ടമാണ്. ഒക്ടോബർ 3ന് കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം.
മോഹൻലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ആ പേര് പില്‍ക്കാലത്ത് മോഹൻ രാജിന്റെ സ്വന്തം പേരായി മാറുകയായിരുന്നു.കെ.ജി. ജയൻ
മലയാള ചലചിത്രഗാന രംഗത്തും ഭക്തിഗാന ശാഖയിലും മികച്ച സംഭാവന നല്‍കിയ പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ (90) അന്തരിച്ചത് ഈ വർഷമായിരുന്നു. ഏപ്രില്‍ 16 ന് തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്രീകോവില്‍ നട തുറന്നു...., വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക..., രാധതൻ പ്രേമത്തോടാണോ കൃഷ്ണ... തുടങ്ങിയ നിരവധി ഭക്തി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കെ ജി ജയന് കേരള സംഗീത നാടക അക്കാദമി അവാർഡ് ഹരിവരാസനം അവാർഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.കെ. ജെ .ജോയി
അരനൂറ്റാണ്ടോളം നീണ്ടുനിന്ന സംഗീത യാത്രയായിരുന്നു കെ. ജെ. ജോയിയുടേത്. ജനുവരി 15 തൃശൂരിയിലായിരുന്നു അന്ത്യം. 'കസ്തൂരി മാൻമിഴി...', 'അക്കരെ ഇക്കരെ...' തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനാണ്.
70ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി.മീന ഗണേശ്
അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി ആയിരുന്നു മീന ഗണേശ്. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ഡിസംബർ 19ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശ മാധവൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മീന ഗണേഷ് സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടി.മേഘനാഥൻ
നിരവധി മലയാള ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവെച്ച് പ്രശസ്ത നടൻ മേഘനാഥൻ അന്തരിച്ചത് ഈ വർഷത്തെ പ്രധാന നഷ്ടങ്ങളില്‍ ഒന്നാണ്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയില്‍ നവംബർ 21ന് ആയിരുന്നു അന്ത്യം.
60 വയസായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. പഞ്ചാഗ്നി, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി 50 ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.കനകലത
മലയാള ചലച്ചിത്ര മേഖലയില്‍ 2024-ലെ ഒരു നഷ്ടമായിരുന്നു നടി കനകലതയുടെ വിയോഗം. പാര്‍ക്കിൻസണ്‍സും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്ന കനകലതയുടെ അന്ത്യം തിരുവനന്തപുരത്തെ വീട്ടില്‍വെച്ചായിരുന്നു. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത മുന്നൂറ്റിയൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഒരു യാത്രാമൊഴി, ഗുരു, കിലുകില്‍ പമ്പരം, പാർവതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കണ്‍മണി, എഫ്‌ഐആർ, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, മയില്‍പ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകള്‍, കൗരവർ, കിരീടം, ജാഗ്രത, രാജാവിന്റെ മകൻ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.എൻ.കെ. ദേശം
പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എൻ.കെ. ദേശം (87) വിടവാങ്ങിയത് മലയാള സാഹിത്യത്തിന് കനത്ത നഷ്ടമായിരുന്നു. ഫെബ്രുവരി 4ന് ആലുവ കോതകുളങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം.
കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികള്‍, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികള്‍.സംഗീത് ശിവൻ
പ്രശസ്‌ത സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവന്‍ വിടവാങ്ങിയത് ഈ വർഷമായിരുന്നു. മെയ് 8ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണയം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. സംവിധായകരായ സന്തോഷ് ശിവന്‍, സജ്ഞീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.ഓംചേരി
നവംബർ 22ന് ആയിരന്നു പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ആകാശാവാണി ഉദ്യോഗസ്ഥനായിരുന്നു. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972 ല്‍ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു.
ടി.പി. മാധവൻ
അറുനൂറിലധികം ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ടി. പി. മാധവന്‍ അരങ്ങൊഴിഞ്ഞത് ഈ വർഷമായിരുന്നു. ഒക്ടോബർ 9ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ഗാന്ധിഭവനില്‍ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.