വാഷിങ്ടണ്‍: "ഡോളറിനെതിരെ നീക്കങ്ങള്‍" ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. ഡോളറിനെതിരെ നീക്കങ്ങള്‍ നടത്തിയാല്‍ ബ്രിക്സ് രാജ്യങ്ങള്‍ക്ക് നൂറു ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ ബ്രിക്സ് രാജ്യങ്ങള്‍ പിന്തുണയ്ക്കുകയോ ചെയ്താല്‍ 100 ശതമാനം നികുതി ഈടാക്കുമെന്നും അവര്‍ക്ക് പിന്നീട് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ സാധനങ്ങള്‍ വില്ക്കാന് സാധിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ബ്രിക്സ് രാജ്യങ്ങള്‍ യു.എസ് ഡോളറല്ലാതെ മറ്റൊരു കറന്‍സിയെ പിന്തുണക്കരുതെന്നാണ് ട്രംപിന്റെ ആവശ്യം. ഡോളറിനെ സംരക്ഷിക്കുന്നതിനായി ഇത്തരം കടുത്ത നടപടികളിലേക്ക് പോകുമെന്നാണ് ട്രംപ് പറയുന്നത്.
ബ്രിക്സ് പേ എന്ന പേരില്‍ സ്വന്തം പേയ്മെന്റ് സംവിധാനം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക, ഇറാന്, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നിവയാണ് ബ്രിക്സ് രാജ്യങ്ങള്‍. ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ഉച്ചകോടിയില്‍ ഡോളര്‍ ഇതര ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക കറന്‍സികള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ബ്രിക്സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, എന്നീ സമ്പദ് വ്യവസ്ഥകള്‍ ഒരുമിച്ച് ഒരു കറന്‍സി രൂപീകരിച്ചാല്‍ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്നാണ് ബ്രിക്സ് സാമ്പത്തിക വിദഗ്ദ്ധര്‍ കരുതിയിരുന്നത്. എന്നാല്‍ ഇതിന് തടയിടുന്ന നിലപാടാണ് ട്രംപ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ഓരോ രാജ്യവും അതത് രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ സ്വയം ശ്രമിക്കണമെന്നാണ് ഇന്ത്യയുടെയും നിലപാട്. ഇതിനിടെയാണ് ട്രംപ് കടുത്ത നിലപാട് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയിലുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കവും ആര്‍ബിഐയും ധനമന്ത്രാലയവും നടത്തി വരികയാണ്. ഈ വിഷയത്തില്‍ കരുതലോടെയാകും ഇന്ത്യ ഇനി നിലപാട് സ്വീകരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.