തിരുവനന്തപുരം; ആത്മഹത്യചെയ്ത യുവതിയും സുഹൃത്തും തമ്മിൽ മുൻപ് നടത്തിയ ഫോൺ വിളികളുടെ വിവരങ്ങൾ പൂന്തുറ പൊലീസിൽ നിന്നു യുവതിയുടെ ഭർത്താവിന് ചോർത്തിക്കിട്ടിയെന്ന സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
വിഗ്രഹ മോഷണക്കേസിൽ ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ കോൾ ലിസ്റ്റ് എടുക്കാൻ സൈബർ സെല്ലിന് കൈമാറിയ പട്ടികയിൽ തിരിമറി നടത്തി കോൾ വിവരങ്ങൾ ചോർത്തിയെന്നാണ് സംശയം. ഭർത്താവിന്റെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെ മേലുദ്യോഗസ്ഥരുടെ അറിവോടെ യുവാവിന്റെ ഫോൺനമ്പർ കൂടി എഴുതിച്ചേർത്തു സൈബർ സെല്ലിന് കൈമാറിയെന്നാണു സംശയിക്കുന്നത്.യുവതിയുടെ ആത്മഹത്യയ്ക്കു കാരണം തേടി വട്ടിയൂർക്കാവ് പൊലീസും അന്വേഷണം തുടങ്ങി. ആത്മഹത്യയ്ക്കു മുൻപും ഫോൺവിളി വിവരങ്ങൾ ചോർത്തി നൽകിയിട്ടുണ്ടോയെന്നും കോൾ ലിസ്റ്റ് ചോർത്തിയതിനെ തുടർന്നാണോ ആത്മഹത്യയെന്നും അന്വേഷിക്കുന്നുണ്ട്.
വട്ടിയൂർക്കാവ് സ്വദേശിയായ യുവതിയെ കഴിഞ്ഞ ഓഗസ്റ്റിലാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന് എതിരെ കുറിപ്പും എഴുതിവച്ചിരുന്നു. സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ ഭാര്യയുടെ ആത്മഹത്യയിൽ ഭാര്യയുടെ സുഹൃത്തായ യുവാവിന് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചു ഭർത്താവ് രംഗത്തുവന്നു.
ഇയാൾ പറഞ്ഞതു പ്രകാരം യുവാവിനെതിരെ പൊലീസ് കേസ് എടുക്കാതായതോടെ ഭർത്താവ് യുവാവിന്റെ ഫോൺവിളി വിവരങ്ങൾ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരോട് തട്ടിക്കയറാൻ തുടങ്ങി. ഒടുവിൽ സംശയം തോന്നി വട്ടിയൂർക്കാവ് പൊലീസ് യുവാവിന്റെ കോൾ ലിസ്റ്റ് പരിശോധിക്കാനായി സൈബർ സെല്ലിന് നമ്പർ കൈമാറിയപ്പോഴാണ് ഈ നമ്പർ മോഷണക്കേസുമായി ബന്ധപ്പെട്ട് പൂന്തുറ പൊലീസ് നൽകി കോൾ ലിസ്റ്റ് എടുത്ത കാര്യം അറിയുന്നത്.മോഷണക്കേസിൽ ഈ യുവാവിന് ബന്ധമില്ലെന്നും നമ്പർ എങ്ങനെ കടന്നുകൂടിയെന്ന് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതോടെ സംശയം ബലപ്പെട്ടു. പിന്നീട്, ഭർത്താവും സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനും അടുത്ത സുഹൃത്തുക്കളാണെന്നു കണ്ടെത്തുക കൂടി ചെയ്തതോടെ കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.