കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാപ്രസ്സ് പുരയിടത്തിൽ സഹകരണവകുപ്പിൽ നിർമ്മിച്ച അക്ഷരം മ്യൂസിയത്തിൻ്റെ ഒന്നാം ഘട്ടം നവംബർ 26ന് ഉച്ചക്ക് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി വി എൻ വാസവൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മ്യൂസിയം ഉദ്ഘാടനത്തോടൊപ്പം ലെറ്റർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും നിർവഹിക്കും. സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം മുകുന്ദൻ സമർപ്പിക്കും. യോഗത്തിൽ ഡോ. വീണ എൻ. മാധവൻ (ഗവ. സെക്രട്ടറി, സഹകരണവകുപ്പ്) സ്വാഗതവും അഡ്വ. പി കെ ഹരികുമാർ (പ്രസിഡൻ്റ്, സാഹിത്യപ്രവർത്തക സഹകരണസംഘം) ആമുഖപ്രഭാഷണവും ഡോ. ഡി സജിത് ബാബു സഹകരണസംഘം രജിസ്ട്രാർ റിപ്പോർട്ടും അവതരിപ്പിക്കും.
ഭാഷയ്ക്കും സാഹിത്യ പ്രാധാന്യം നൽകിക്കൊണ്ട് പൂർത്തീകരിച്ചിരിക്കുന്ന മ്യൂസിയത്തിൻ്റെ ഉദ്ഘാടനചടങ്ങിൽ ടി പത്മനാഭൻ, എം കെ സാനു, എം മുകുന്ദൻ, എൻ എസ് മാധവൻ, പ്രൊഫ. വി. മധുസൂദനൻനായർ, ഏഴാച്ചേരി രാമചന്ദ്രൻ, ചരിത്രകാരൻ ഡോ. എം ആർ രാഘവവാരിയർ, തോമസ് ജേക്കബ്, മുരുകൻ കാട്ടാക്കട, ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ആർട്സ്, ഡൽഹി റോക്ക് ആർട്ട് ഡിവിഷൻ മേധാവി ഡോ. റിച്ച നെഗി, നാഷണൽ മ്യൂസിയം അസിസ്റ്റൻ്റ്‌ക്യൂറേറ്റർ മൗമിത ധർ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ത്യയിലെ ആദ്യത്തെ ഭാഷ-സാഹിത്യ-സാംസ്കാരികമ്യൂസിയമാണ് കോട്ടയം നാട്ടകത്ത് നിർമ്മിച്ചിരിക്കുന്നത്. അന്തർദേശീയ നിലവാരത്തിൽ ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന തിയർ, ഹോളോഗ്രാം സംവിധാനവും മ്യൂസിയത്തിലുണ്ട്.
നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന അക്ഷര മ്യൂസിയത്തിൻ്റെ ആദ്യഘട്ടത്തിൽ ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗാലറികളാണ്. 4 ഗാലറികളിലായാണ് ഒന്നാംഘട്ട ഉള്ളടക്കം പ്രദർശിപ്പിച്ചിട്ടുള്ളത്. മനുഷ്യഭാഷയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട വിഡിയോ പ്രൊജകൻസ്, വാമൊഴി പാരമ്പര്യം, ഗുഹാചിത്രങ്ങൾ, ചിത്രലിഖിതങ്ങൾ എന്നിവയുടെ വിശദാംശങ്ങളാണ് ഒന്നാം ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ലിപികളുടെ പരിണാമചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് മ്യൂസിയത്തിൻ്റെ രണ്ടാം ഗാലറി.
അച്ചടി സാങ്കേതികവിദ്യയെക്കുറിച്ചും മലയാളം അച്ചടിയുടെ ചരിത്രത്തെക്കുറിച്ചും പ്രധാന പുസ്തകങ്ങളെക്കുറിച്ചും അറിവു നൽകുന്നതാണ് മ്യൂസിയത്തിൻ്റെ മൂന്നാം ഗാലറി. കൂടാതെ കേരളത്തിലെ സാക്ഷരതാപ്രവർത്തനങ്ങളെക്കുറിച്ചും ദ്രാവിഡഭാഷകളെക്കുറിച്ചും കേരളത്തിലെ 36 ഗോത്രഭാഷകളുടെ വിഡിയോ/ഓഡിയോ ഉള്ളടക്കവും മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് മ്യൂസിയത്തിൻ്റെ നാലാം ഗാലറി.
മ്യൂസിയത്തിൻ്റെ ഒന്നാം നിലയിൽ ലോകത്തിലെ ആറായിരത്തോളം ഭാഷകളെക്കുറിച്ചുള്ള വിവരങ്ങൾ ലോകഭാഷാഗാലറിയും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഇന്ത്യൻ ലിപികളുടെ പരിണാമചരിത്ര കാലഘട്ടം തിരിച്ച് അടയാളപ്പെടുത്തുന്ന അക്ഷരമാല ചാർട്ടുകൾ പ്രദർശിപ്പിക്കുന്നു. കോട്ടയത്തെ പ്രധാന സാംസ്കാരിക-ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലെറ്റർ ടൂറിസം സർക്യൂട്ടും അക്ഷരം മ്യൂസിയത്തിൻ്റെ ഭാഗമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
അക്ഷരം മ്യൂസിയത്തിൻ്റെ ഭാഗമായി കോട്ടയത്തെ ചില പ്രധാന സാംസ്കാരിക ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് അക്ഷരം ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. അക്ഷരനഗരിയായ കോട്ടയത്തിൻ്റെ അക്ഷരം ഭാഷ-ചരിത്രത്തെ നേരിട്ട് മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി അക്കാദമിക താൽപ്പര്യങ്ങൾക്ക് മുൻകൈ എടുക്കുമെന്ന് മന്ത്രി പറഞ്ഞു.
അക്ഷരത്തിനും സാഹിത്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് അക്ഷരം ടൂറിസം യാത്രയിൽ ഇന്ത്യയിലെ ആദ്യത്തെ കോളേജായ സിഎംഎസ് കോളേജ്, കേരളത്തിൽ മലയാളം അച്ചടി ആരംഭിച്ച കോട്ടയം സിഎംഎസ് പ്രസ്സ്, ആദ്യകാലപത്രസ്ഥാപനമായ ദീപിക ദിനപത്രം, പഹ്‌ലവി ഭാഷയിലുള്ള ലിഖിതം കൊത്തിവെച്ച പഹ്‌ലവി കുരിശുള്ള വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനെല്ലൂർ ദേവീക്ഷേത്രം, വിവിധ ചരിത്രരേഖകൾ-സാംസ്കാരിക ചരിത്രരേഖകൾ , മ്യൂറൽ പെയിൻ്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കരക്ഷേത്രം, കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ്, കേരളത്തിലെ ആദ്യകാല പ്രസ്സുകളിലൊന്നായ മാന്നാനം സെൻ്റ് ജോസഫ് പ്രസ്സ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.