ഡബ്ലിൻ; അയർലൻഡിൽ പൊതുതിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 7 മുതൽ രാത്രി 10 വരെ നടക്കും. രാജ്യത്തുടനീളം 650 സ്ഥാനാര്‍ഥികളുമായി 30 പാർട്ടികൾ മത്സരിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. പിറ്റേന്ന് ശനിയാഴ്ച രാവിലെ 9 മുതൽ വോട്ടെണ്ണൽ ആരംഭിക്കും.
തൊട്ടടുത്ത ദിവസമായ ഞായറാഴ്ച വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമായി പുറത്തുവരും. മത്സരിക്കുന്ന 650 ൽ 174 പേരാണ് പാർലമെന്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുക. അയർലൻഡിൽ എംപിമാർ എന്നതിന് പകരം ടിഡിമാർ എന്നാണ് പാർലമെന്റ് അംഗങ്ങളെ പറയുക.രാജ്യം ഭരിക്കാൻ കേവല ഭൂരിപക്ഷത്തിന് 88 ടിഡിമാർ വേണം. ഫിനഗേൽ, ഫിനാഫാൾ, ഗ്രീൻ പാർട്ടി സഖ്യം വീണ്ടും ഭരണത്തിൽ എത്താനാണ് സാധ്യത. 2020 ൽ നടന്ന കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ 30 പാർട്ടികളും 532 സ്ഥാനാർഥികളും രംഗത്തുണ്ടായിരുന്നു. എന്നാൽ 9 പാർട്ടികൾക്ക് മാത്രമെ പാർലമെന്റിൽ എത്താൻ കഴിഞ്ഞുള്ളു. വിജയിച്ചവരിൽ 19 സ്വതന്ത്രരും ഉണ്ടായിരുന്നു. ഫിനാഫാൾ, ഫിൻഗേൽ പാർട്ടികൾ ആണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്. 81 പേർ വീതമാണ് ഇരു പാർട്ടികളിൽ നിന്നും മത്സരിക്കുന്നത്.
സിൻഫെയിൻ പാർട്ടിയിൽ നിന്നും 71 പേരും ഗ്രീൻ പാർട്ടി, ആന്റു പാർട്ടി എന്നിവയിൽ നിന്നും 43 പേർ വീതവും മത്സരിക്കും. പീപ്പിൾസ് ബിഫോർ പ്രോഫിറ്റ് സോളിഡാരിറ്റി -42, ലേബർ പാർട്ടി -32 തുടങ്ങിയ ക്രമത്തിലാണ് മറ്റ് പാർട്ടികളിലെ സ്ഥാനാർത്ഥികൾ. ഇതിനു പുറമെ 171 സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. ആകെയുള്ള 650 സ്ഥാനാർത്ഥികളിൽ 246 പേർ വനിതകളാണ്. കാലാവധി അവസാനിച്ച പാർലമെന്റിൽ 37 ടിഡിമാർ വനിതകൾ ആയിരുന്നു.
കഴിഞ്ഞ വാരാന്ത്യത്തിൽ ആരംഭിച്ച് രാജ്യത്ത് ആഞ്ഞ് വീശിയ കൊടുങ്കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും തിരഞ്ഞെടുപ്പ് പ്രചരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പിൽ ഇത്തവണ മലയാളി കൂടി ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ഫിനഫാൾ പാർട്ടിയാണ് കോട്ടയം പാലാ സ്വദേശിനിയും ഡബ്ലിൻ മാറ്റർ പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സുമായ മഞ്ജു ദേവിയെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിപ്പിക്കുന്നത്.അയർലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി പാർലമെന്റിലേക്ക് ഔദ്യോഗിക സ്ഥാനാർഥിയാകുന്നത്. ഡബ്ലിൻ ഫിംഗാൽ ഈസ്റ്റ് മണ്ഡലത്തിലാണ് മഞ്ജു മത്സരിക്കുന്നത്. നിലവിലെ അയർലൻഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം രണ്ടാം സ്ഥാനാർഥിയായാണ് മഞ്ജു മത്സരിക്കുക. വിജയിച്ചാൽ അയർലൻഡിൽ നിന്നും ആദ്യമായി ഒരു മലയാളി കൂടി പാർലമെന്റിൽ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.