പാലക്കാട്: 5000-ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിയുടെ ശക്തികേന്ദ്രമായ നഗരപരിധിയിൽ ഞങ്ങൾ വിചാരിച്ചതിലും പോളിങ് കൂടിയെന്നും എൽഡിഎഫും യുഡിഎഫും അവരുടെ ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പഞ്ചായത്തുകളിൽ പോളിങ് കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
'പതിനായിരത്തിൽ അധികം വോട്ടുകളുടെ ലീഡാണ് നഗരസഭാ പരിധിയിൽ പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന് പിരായിരി പഞ്ചായത്തിൽ ലഭിക്കുന്ന ലീഡിനെ മറികടക്കാനുള്ള ഭൂരിപക്ഷം നഗരസഭാ പരിധിയിൽ എൻ.ഡി.എയ്ക്ക് കിട്ടും. കഴിഞ്ഞതവണ മൂന്ന് പഞ്ചായത്തുകളിലും മൂന്നാം സ്ഥാനമായിരുന്നു എൻ.ഡി.എയ്ക്ക്. ഇത്തവണ പിരായിരി പഞ്ചായത്തിൽ രണ്ടാംസ്ഥാനത്തേക്ക് വരും. മറ്റുരണ്ട് പഞ്ചായത്തുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒപ്പമോ അല്ലെങ്കിൽ ഇരുമുന്നണികളെയും മറികടന്ന് മുന്നോട്ടുപോകാനുമാകും', അദ്ദേഹം അവകാശപ്പെട്ടു.
പതിനായിരത്തിലധികം വോട്ടുകൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷം രാഹുലിന് കിട്ടുമോ എന്നായിരുന്നു മറുപടി. സന്ദീപ് വാര്യരുടെ യുഡിഎഫ് പ്രവേശം ബിജെപിക്ക് ഗുണംചെയ്തെന്നും യു.ഡി.എഫിന് തിരിച്ചടിയായെന്നും കൃഷ്ണകുമാർ പറഞ്ഞു.
2012-ൽ മോദിയുടെ ഫ്ലക്സ് ബോർഡ് കീറിയതിന്റെ പേരിൽ കലാപമുണ്ടാക്കി സന്ദീപ് ഒളിവിൽ പോയി താമസിച്ച സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളേയും ആ പ്രദേശത്തെ പ്രവർത്തകരേയും ആശ്വസിപ്പിക്കാൻ താനേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് മാസം മുൻപ് തന്നെ കോൺഗ്രസ്, സിപിഎം, ബിജെപി വോട്ടുകൾ എത്രയെന്ന് നോക്കിയിരുന്നുവെന്നും പോളിങ് ശതമാനം നോക്കുമ്പോൾ യുഡിഎഫിന്റെ വോട്ടുകൾ ചെയ്യേണ്ടവ ചെയ്തിട്ടുണ്ടെന്നും പാലക്കാട്ടെ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. എൻ.ഡിഎ അടിച്ചുകേറുമെന്ന് അവകാശപ്പെടുന്ന നഗരസഭയിൽ പോളിങ് ശതമാനം പഞ്ചായത്തുകൾക്കൊപ്പമോ അല്ലെങ്കിൽ കുറവോ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.