ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായുള്ള സുപ്രധാന പദ്ധതികൾ റദ്ദ് ചെയ്ത് കെനിയ.
രാജ്യത്തെ പ്രധാന വിമാനത്താവള വികസന പദ്ധതി, പവർ ട്രാൻസ്മിഷൻ ലൈനുകൾ നിർമ്മിക്കുന്നതിനായി യുർജ കമ്പനിയുമായി ഒപ്പുവെച്ച 700 മില്യൺ കരാറിൻ്റെ കരാർ റദ്ദാക്കി. പ്രസിഡൻ്റ് വില്യം റൂട്ടോയാണ് ഇക്കാര്യം അറിയിച്ചത്. യുഎസിൽ കൈക്കൂലി, തട്ടിപ്പ് കേസുകളിൽ അദാനിക്കെതിരെ എഫ്ബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.
‘ഗതാഗത മന്ത്രാലയത്തിലെയും ഊർജ- പെട്രോളിയം അതോറിറ്റിയിലെയും ഏജൻസികൾക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ എത്രയും വേഗം റദ്ദ് ചെയ്യാൻ നിർദ്ദേശം നൽകി', റൂട്ടോ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ അന്വേഷണ ഏജൻസികൾ കൈമാറിയ വിവരത്തിൻ്റെ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലുള്ള വിമാനത്താവളത്തിൽ അധിക റൺവേയും ടെർമിനലും നിർമ്മിച്ച് നവീകരിക്കാനുള്ളതായിരുന്നു നിർത്തലാക്കിയ പദ്ധതി. 30 വർഷത്തേക്കുള്ളതായിരുന്നു കരാർ. കരാറിനെതിരെ കെനിയയിൽ നേരത്തെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എയർപോർട്ട് തൊഴിലാളികളുടെ നേതൃത്വത്തിൽ പണിമുടക്ക് സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളാണ് നടന്നത്. അദാനി ഗ്രൂപ്പിന് കരാർ നൽകിയ തീരുമാനം തൊഴിൽ നഷ്ടത്തിനും മോശം തൊഴിൽ സാഹചര്യത്തിനും കാരണമാകുമെന്നായിരുന്നു തൊഴിലാളികൾ ചൂണ്ടിക്കാട്ടിയത്.
പവർ ട്രാൻസ്മിഷൻ ലൈനുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് ഒക്ടോബറിലായിരുന്നു അദാനിയുമായി കെനിയ കരാറിലേർപ്പെട്ടത്. 30 വർഷത്തേക്കുള്ള 736 മില്യൺ പദ്ധതിയുടെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായിരുന്നു ഇത്. കേസ് വിവാദമായതോടെ കരാറിൽ കെനിയയുടെ ഭാഗത്ത് നിന്ന് കൈക്കൂലിയോ അഴിമതിയോ ഉണ്ടായിട്ടില്ലെന്ന് വ്യാഴാഴ്ചയും മന്ത്രി ഒപിയോ വാണ്ടായി പാർലമെൻ്റിൽ അറിയിച്ചു.
ഇന്ത്യയിൽ സൗരോർജ പദ്ധതിയുടെ കരാറുകൾ ലഭിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് യുഎസ് സെക്യൂരിറ്റീസ് ആൻ്റ് എക്‌സ്‌ചേഞ്ച് കമ്മീഷൻ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. 250 കോടി ഡോളർ (ഏകഗേശം 2100 കോടി രൂപ) കൈക്കൂലിക്കൊടുത്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
അദാനി ഗ്രൂപ്പ് കമ്പനി ഗൗതം അദാനിക്കും കമ്പനിയിലെ മറ്റ് 7 പേർക്കെതിരെയാണ് കേസെടുത്തത്. കൈക്കൂലി നൽകിയതിൻ്റെ ഡിജിറ്റൽ രേഖകൾ ഉണ്ടെന്നും വകുപ്പ് വ്യക്തമാക്കി. അതേസമയം കുറ്റപത്രത്തിന് പിന്നാലെ അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ വലിയ നഷ്ടത്തിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.