ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങരയില്‍ വീടു കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍നിന്ന് ഒന്നരപ്പവന്റെ സ്വര്‍ണമാലയും അലമാരയില്‍നിന്ന് 2,000 രൂപയും കവര്‍ന്നത് കുറുവസംഘമാണോയെന്ന് പോലീസ് അന്വേഷണം തുടങ്ങി. മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടുപേരാണുണ്ടായിരുന്നത്.
മുട്ടൊപ്പം എത്തുന്ന വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. ഷര്‍ട്ടില്ലായിരുന്നു. മോഷ്ടാക്കളില്‍ ഒരാളെ വീട്ടുകാര്‍ കണ്ടിരുന്നു. ഇയാള്‍ ശരീരത്ത് എണ്ണപുരട്ടിയിരുന്നതായി വീട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. വീടിന്റെ അടുക്കളവാതിലിലെ പൂട്ടുതകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയത്. ഇതെല്ലാം കുറുവസംഘത്തിന്റെ മോഷണരീതിയാണ്. അമ്പലപ്പുഴയില്‍നിന്ന് കഴിഞ്ഞദിവസം കുറുവസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.
നങ്ങ്യാര്‍കുളങ്ങരയിലെ ദൃശ്യങ്ങള്‍ ഇതുമായി ഒത്തുനോക്കിയുള്ള അന്വേഷണമാണ് കരീലക്കുളങ്ങര പോലീസ് നടത്തുന്നത്. നങ്ങ്യാര്‍കുളങ്ങരയ്ക്കു കിഴക്ക് വാച്ചുകട ജങ്ഷനു സമീപത്തെ രണ്ടു വീടുകളിലാണ് മോഷണം നടന്നത്. മറ്റൊരു വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കള്‍ മേശപ്പുറത്തു വെച്ചിരുന്ന മാല മോഷ്ടിച്ചു. ഈ മാല മുക്കുപണ്ടമായിരുന്നെങ്കിലും രണ്ടുഗ്രാം തൂക്കമുള്ള സ്വര്‍ണത്താലിയുണ്ടായിരുന്നു. കുറുവസംഘം സംസ്ഥാനത്ത് മുന്‍പു നടത്തിയ മോഷണങ്ങളുടെ വിവരങ്ങളും ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
കുറുവസംഘത്തിന്റെ രീതിയില്‍ വസ്ത്രംധരിച്ച് നാട്ടിലെ മോഷ്ടാക്കള്‍ രംഗത്തിറങ്ങാനുള്ള സാധ്യതയും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറുവസംഘത്തെ തേടിപ്പോകുമ്പോള്‍ തങ്ങള്‍ക്കു രക്ഷപ്പെടാമെന്ന നിഗമനത്തിലാണ് നാട്ടുകാരായ കള്ളന്മാര് ഈ വഴി സ്വീകരിക്കുന്നത്. മുന്‍പും സമാന മോഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇതിനാല്‍ എല്ലാ സാധ്യതയും പരിശോധിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.വെട്ടുവേനിയില്‍ കണ്ടത് ഇതരസംസ്ഥാന തൊഴിലാളികളെ
ഹരിപ്പാട് ആര്.കെ.ജങ്ഷനില്‍നിന്നു പടിഞ്ഞാറോട്ടുള്ള വെട്ടുവേനി റോഡിലൂടെ പുലര്‍ച്ചെ ഏഴുപേരടങ്ങുന്ന സംഘം വടിയുമായി നടന്നുപോകുന്നതായ പരാതിയില്‍ കഴമ്പില്ലെന്നു പോലീസ് കണ്ടെത്തി. കാര്‍ത്തികപ്പള്ളി ജങ്ഷനു വടക്കുള്ള തടിവെട്ടുകേന്ദ്രത്തില്‍ ജോലിചെയ്യുന്ന പശ്ചിമബംഗാള്‍ സ്വദേശികള്‍ താമസസ്ഥലത്തേക്കു മടങ്ങിപ്പോയതാണ്. ഈ സമയം ഇതുവഴിപോയ ആള് ഇവരെക്കണ്ട് മോഷണസംഘമാണെന്നു തെറ്റിദ്ധരിച്ചതായാണ് പോലീസ് പറയുന്നത്.
പാഴ്ത്തടികള്‍ വാങ്ങി തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്ന സ്ഥാപനം കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കുവേണ്ടി തടിവെട്ടുന്ന ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. വെട്ടുവേനിയില്‍ കുറുവസംഘത്തെ കണ്ടതായി യുവതിയുടെ ശബ്ദസന്ദേശം സമൂഹികമാധ്യമങ്ങളിലൂടെ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.