പാലക്കാട്; കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയറെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘കസേര കിട്ടിയില്ലെന്നു പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി, ‘മൊഹബത് കാ ദൂക്കാനിൽ’ വലിയ കസേരകൾ കിട്ടട്ടെ’ എന്നും സുരേന്ദ്രൻ പറഞ്ഞു.
‘‘കോൺഗ്രസിനു പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിനു തെളിവാണു സന്ദീപിനെ സ്വീകരിച്ചത്. ശ്രീനിവാസൻ കൊലപാതകികളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെയാണ് സന്ദീപിന്റെ തീരുമാനം. സന്ദീപിന്റെ പോക്ക് കേരളത്തിലോ ബിജെപിക്കുള്ളിലോ ഒരു ചലനവും ഉണ്ടാക്കില്ല. സന്ദീപിനെതിരെ പാർട്ടി നേരത്തേയും നടപടിയെടുത്തതു ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിലായിരുന്നില്ല.
അന്ന് അക്കാര്യം പുറത്തു പറയാതിരുന്നത് രാഷ്ട്രീയ പാർട്ടി സ്വീകരിക്കേണ്ട സാമാന്യ മര്യാദയുടെ പുറത്താണ്. സന്ദീപിനെ പോലെ ഒരാളെ കോൺഗ്രസ് മുറുകെ പിടിക്കണം. സ്നേഹത്തിന്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെ. പാർട്ടിമാറ്റം നേരത്തേ ഉണ്ടാക്കിയ തിരക്കഥയാണ്. സന്ദീപ് ബലിദാനികളെ വഞ്ചിച്ചു.’’– സുരേന്ദ്രൻ പറഞ്ഞു.
കെ.സുരേന്ദ്രനും കൂട്ടരും കാരണമാണു താൻ ബിജെപി വിട്ടു കോൺഗ്രസിൽ ചേരുന്നതെന്നു സന്ദീപ് പറഞ്ഞിരുന്നു. ‘‘എപ്പോഴും വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന സംഘടനയിൽനിന്നു പിന്തുണയും സ്നേഹവും പ്രതീക്ഷിച്ചതാണു ഞാൻ ചെയ്ത തെറ്റ്. കെ.സുരേന്ദ്രനും സംഘവുമാണ് ഞാൻ കോൺഗ്രസിലേക്കു പോകാനുള്ള ഏക കാരണം. ഏകാധിപത്യ പ്രവണതയുള്ള പാർട്ടിയായി ബിജെപി മാറി.
ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റുകളും ഡീലുകളും കണ്ടുമടുത്താണു പാർട്ടി മാറുന്നത്. ഇന്ത്യയിൽ ജനിച്ചുവീഴുന്ന എല്ലാ കുട്ടികളുെടയും ഡിഎൻഎയിൽ കോൺഗ്രസിന്റെ ആശയമുണ്ട്. സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കാനാണു തീരുമാനം’’ എന്നായിരുന്നു കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സന്ദീപ് പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.