പാലക്കാട്: സംസ്ഥാനത്തെ മൂന്ന് മുന്നണികളും പ്രതീക്ഷവെച്ചുപുലര്‍ത്തുന്ന പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴുമണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. പോളിങ് കേന്ദ്രങ്ങളില്‍ മോക് പോളിങ് നടക്കുന്ന സമയത്ത് ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കണ്ടു.
ആരോപണ പ്രത്യാരോപണങ്ങളും കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍കൊണ്ടും നിറഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണിയും ആവേശവും ആത്മവിശ്വാസവും പുലര്‍ത്തിയിട്ടുണ്ട്. വിവാദങ്ങള്‍ മൂന്ന് മുന്നണികളെയും ഉലച്ചിട്ടുമുണ്ട്.അതുകൊണ്ട് തന്നെ ജനവിധി എന്താകുമെന്ന കാര്യത്തില്‍ മൂന്ന് മുന്നണികള്‍ക്കും ആശങ്ക നിലനില്‍ക്കുന്ന ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് തുല്യമായ വീറും വാശിയുമാണ് മുന്നണികള്‍ കാഴ്ചവെച്ചത്. മൂന്ന് സ്ഥാനാര്‍ഥികളും ദേവാലയങ്ങളിലെത്തി പ്രാര്‍ഥനയും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തന്നെ സ്ഥാനാര്‍ഥികള്‍ പോളിങ് ബുത്തുകളില്‍ വോട്ടുചെയ്യാനായെത്തി എന്നതാണ് പ്രത്യേകത.രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്കൂള്‍ ബുത്ത് നമ്പര്‍ 88ലാണ് ഇടത് സ്ഥാനാര്‍ഥി പി സരിന് വോട്ട് ചെയ്യുക. സരിനും ഭാര്യയും രാവിലെ വോട്ട് രേഖപ്പെടുത്തനെത്തി. പാലക്കാടിന്റെ മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന തിരഞ്ഞടുപ്പാണ് നടക്കുന്നതന്ന് വോട്ട് ചെയ്യുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട സരിന് പറഞ്ഞു.
പക്ഷങ്ങള്‍ പറഞ്ഞ് ജനങ്ങളുടെ വോട്ടുകള്‍ തിരിച്ചിരുന്ന രീതി അവസാനിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടായി ഇത്തവണത്തേത് മാറുമെന്നും സരിന് വ്യക്തമാക്കി. എവിടെ ഉപതിരഞ്ഞെടുപ്പ് നടന്നാലും അഞ്ചുശതമാനം വരെ കുറവ് ഉണ്ടാകാറുണ്ട്. എന്നാല്‍ പാലക്കാട് കഴിഞ്ഞതവണത്തേപോലെ തന്നെ വോട്ട് രേഖപ്പെടുത്തുമെന്നാണ്. ഒന്നരലക്ഷത്തിന് മുകളില്‍ വോട്ട് രേഖപ്പെടുത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സരീന് പറഞ്ഞു.
യുഡിഎഫ് ശുഭപ്രതീക്ഷയിലാണെന്ന് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. മാറ്റം കൊണ്ടുവരാന്‍ പോകുന്ന ചരിത്രപരമായ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും പറഞ്ഞു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിവരുടെ നീണ്ട നിര ദൃശ്യമായി.
അതേസമയം വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനമാനത്തില്‍ കുറവ് വന്നത് മുന്നണികളെ ആശങ്കപ്പെടുത്തിയിരുന്നു. ആകെ 184 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടര്‍ പട്ടിക പ്രകാരം 1,94,706 വോട്ടര്‍മാരാണ് ഇത്തവണ ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.