പെരിന്തല്‍മണ്ണ (മലപ്പുറം): ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും അറസ്റ്റില്‍. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെയാണ് കേസില്‍ പോലീസ് പിടികൂടിയത്.
ബാലഭാസ്കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ വാഹനമോടിച്ചിരുന്നത് അര്‍ജുനായിരുന്നു. അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി പെരിന്തല്‍മണ്ണയിലെ കേസിന് ബന്ധമില്ലെന്നാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി.യുടെ പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലേക്ക് പോകുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നത്. ആസൂത്രിതമായി നടന്ന വന്‍കവര്‍ച്ചയില്‍ നേരത്തെ 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുനും(28) ഉണ്ടായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് നേരത്തെ ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനാണെന്ന് വ്യക്തമായത്.
മോഷ്ടിച്ച സ്വര്‍ണവുമായി ചെര്‍പ്പുളശ്ശേരിയിലെത്തിയ ഒരു സംഘത്തെ മറ്റൊരു വാഹനത്തിലെത്തി കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണെന്നാണ് പോലീസ് പറയുന്നത്.പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ചയില്‍ പ്രതികളില്‍നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് 1.72 കിലോഗ്രാം സ്വര്‍ണവും 32.79 ലക്ഷം രൂപയും കണ്ടെടുത്തത്.
പ്രതികളായ തൃശ്ശൂര്‍ സ്വദേശികളുടെ വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണവും പണവും. തൃശ്ശൂര്‍ കിഴക്കുംപാട്ടുകര സ്വദേശി മിഥുന്‍രാജ് എന്ന അപ്പുവിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണത്തിന്റെ ഉരുക്കിയ നാല് കട്ടകള്‍ കണ്ടെടുത്തത്.
തൃശ്ശൂര്‍ കണ്ണാറ കഞ്ഞിക്കാവില്‍ ലിസണ്‍ എന്നയാളുടെ വീട്ടില്‍നിന്ന് രണ്ട് സ്വര്‍ണ കട്ടകളും അരക്കിലോ സ്വര്‍ണം വിറ്റതിന്റെ പണവും കണ്ടെത്തി. പ്രതിയായ പീച്ചി കണ്ണാറ പായ്യാംകോട്ടില്‍ സതീഷിന്റെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഉരുക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. ടി.കെ. ഷൈജു, പെരിന്തല്‍മണ്ണ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്, പോത്തുകല്‍ ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ പി. സംഗീത്, പെരുമ്പടപ്പ് ഇന്‍സ്പെക്ടര്‍ സി.വി. ബിജു, പെരിന്തല്‍മണ്ണ എസ്.ഐമാരായ എന്‍. റിഷാദലി, ഷാഹുല്‍ഹമീദ് എന്നിവരടങ്ങുന്ന മലപ്പുറം ജില്ലാ പോലീസും മലപ്പുറം ജില്ലാ ഡാന്‍സാഫ് സ്ക്വാഡുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.