ബെംഗളൂരു;രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുന്ന കുടുംബങ്ങൾക്കു നേരെ അതിക്രമങ്ങൾ പതിവാകുന്നു. ആളൊഴിഞ്ഞ ഇടങ്ങളിൽ കാർ തടഞ്ഞുനിർത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയാണു കവർച്ചാസംഘങ്ങൾ ചെയ്യുന്നത്. നൽകിയില്ലെങ്കിൽ ആക്രമിക്കും. മനഃപൂർവം അപകടങ്ങൾ സൃഷ്ടിച്ചു പണം തട്ടുന്ന സംഭവങ്ങളും കുറവല്ല.
സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്, കാർ യാത്രക്കാരായ മലയാളി കുടുംബത്തെ സ്കൂട്ടർ യാത്രികൻ മർദിച്ചെന്ന പരാതിയുയർന്നതു 4 മാസം മുൻപാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ സർജാപുര റോഡിൽ ദമ്പതികൾ സഞ്ചരിച്ച കാറിൽ ബൈക്കിടിപ്പിച്ചു കവർച്ച നടത്താൻ ശ്രമിച്ച കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കസവനഹള്ളിയിൽ കാർ തടഞ്ഞുനിർത്തി മലയാളി കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ 5 വയസ്സുകാരനു പരുക്കേറ്റു.
ഐടി മേഖലയിൽ ജോലി ചെയ്യുന്ന, ചിക്കനായകനഹള്ളി അസ്ട്രോ ഗ്രീൻ കാസ്കേഡ് ലേഔട്ടിൽ താമസിക്കുന്ന അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണു ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. അനൂപിന്റെ മകൻ സ്റ്റീവിന്റെ തലയ്ക്കാണു പരുക്കേറ്റത്. ഷോപ്പിങ്ങിനു ശേഷം താമസസ്ഥലത്തേക്കു മടങ്ങവേ, കസവനഹള്ളി ചൂഡസന്ദ്രയിൽ വച്ചാണ് ബൈക്കിലെത്തിയ 2 പേർ കാർ തടഞ്ഞത്. അനൂപിനെ കൂടാതെ ഭാര്യ ജിസ്, മക്കളായ സ്റ്റീവ്, സെലസ്റ്റ എന്നിവരാണു കാറിലുണ്ടായിരുന്നത്.
അപരിചിതർ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ അനൂപ് കാർ മുന്നോട്ടെടുകയായിരുന്നു. ഇതോടെ സംഘത്തിലെ ഒരാൾ കാറിന്റെ പിൻഗ്ലാസിലേക്കു കല്ലെറിഞ്ഞു. ഗ്ലാസ് ചീളുകൾ തെറിച്ചാണു സ്റ്റീവിനു പരുക്കേറ്റത്. അനൂപിന്റെ പരാതിയിൽ പാരപ്പന അഗ്രഹാര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാളെ പൊലീസ് രാത്രി കസ്റ്റഡിയിലെടുത്തു. രണ്ടാമൻ ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.