തിരുവനന്തപുരം: പൂന്തുറയില്‍ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ക്കയറി ജീവനൊടുക്കിയത് നാടകീയ സംഭവങ്ങൾക്കുശേഷം. മുട്ടത്തറ കല്ലുമ്മൂട് സ്വദേശിയായ കെ.സിന്ധു(38)വാണ് ആണ്‍സുഹൃത്തായ അരുണ്‍ വി.നായരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ശേഷം മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം.മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എന്‍ നഗറിലാണ് അരുണ്‍ വി. നായര്‍ വാടകയ്ക്ക് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.15-ഓടെയാണ് സിന്ധു ഇവിടേക്കെത്തിയത്. അരുണോ ഇയാളുടെ മാതാപിതാക്കളോ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അരുണിന്റെ അമ്മയുടെ ജ്യേഷ്ഠസഹോദരി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.വീട്ടിലെത്തിയ സിന്ധു നേരേ കിടപ്പുമുറിയിലേക്ക് തള്ളിക്കയറുകയായിരുന്നു. അരുണിന്റെ വല്യമ്മ യുവതിയെ തടയാന്‍ശ്രമിച്ചെങ്കിലും ഇവരെ തറയില്‍ തള്ളിയിട്ടാണ് യുവതി മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടത്. ഇതോടെ വീട്ടിലുണ്ടായിരുന്ന വല്യമ്മ ബഹളംവെച്ച് സമീപവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും പൂന്തുറ പോലീസും സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ പ്രവേശിച്ചെങ്കിലും യുവതിയെ മരിച്ചനിലയിലാണ് കണ്ടെത്തിയത്.
അരുണും സിന്ധുവും സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് പോലീസ് പറയുന്നത്. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനിടെ ഇരുവരും വീണ്ടും കണ്ടുമുട്ടി സൗഹൃദത്തിലായി. ഈ സൗഹൃദം വളര്‍ന്നു. അരുണിനായി സിന്ധു പലരില്‍നിന്നും പണം കടംവാങ്ങി നല്‍കിയതായും ബന്ധുക്കള്‍ പറയുന്നുണ്ട്.അവിവാഹിതനായ അരുണ്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് സിന്ധുവിനെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം.
അരുണിന്റെ വിവാഹക്കാര്യം അറിഞ്ഞതിന് പിന്നാലെ ഇതേച്ചൊല്ലി സിന്ധു നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞദിവസം മണക്കാട് ഭാഗത്തുവെച്ച് ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കാറിലെത്തിയ അരുണിനെ തടഞ്ഞുനിര്‍ത്തിയ സിന്ധു, ഡോര്‍ തുറന്ന് കാറില്‍ കയറുകയും സീറ്റുകള്‍ കുത്തിക്കീറുകയും ചെയ്തിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അരുണിന് ഇടതുകൈയ്ക്ക് കുത്തേറ്റു. അടിപിടിക്കിടെ സിന്ധുവിനും പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കിയത്.
സിന്ധു വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണ്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റെന്തെങ്കിലും രേഖകളോ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. നിലവില്‍ ആത്മഹത്യചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.