ഡബ്ലിൻ ;മൂന്നാഴ്ച നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്ക് ശേഷം അയര്‍ലൻഡിൽ ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു. ജനം ഇന്ന് രാവിലെ 7 മുതൽ പോളിങ് ബൂത്തിലേക്ക് എത്തി തുടങ്ങി. ഇന്ന് രാത്രി 10 വരെ വോട്ട് രേഖപ്പെടുത്താം. 43 മണ്ഡലങ്ങളിലായി 174 പാര്‍ലമെന്റ് സീറ്റുകളാണ് രാജ്യത്തുള്ളത്.
ഏകദേശം 35 ലക്ഷത്തോളം പേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഐറിഷ് പൗരൻമാർക്ക് പുറമെ അയർലൻഡിൽ താമസിക്കുന്ന ബ്രിട്ടിഷ് പൗരൻമാർ, ഐറിഷ് പൗരത്വം സ്വീകരിച്ച ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യാക്കാർ വോട്ടവകാശമുണ്ട്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ട ഫിനഗേൽ, ഫിനാഫാൾ, ഗ്രീൻ പാർട്ടി മുന്നണിയാണ് നിലവിലെ രാജ്യം ഭരിച്ചിരുന്നത്.
എന്നാൽ തിരഞ്ഞെടുപ്പിൽ വേവ്വേറെയാണ് മത്സരം. ഫിനഗേൽ നേതാവായ സൈമൺ ഹാരിസ് ആയിരുന്നു നിലവിലെ പ്രധാനമന്ത്രി.ഇത്തവണ പാലാ സ്വദേശിനിയായ മലയാളി നഴ്സും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഫിനഫാൾ പാർട്ടിയാണ് കോട്ടയം പാലാ സ്വദേശിനിയും ഡബ്ലിൻ മാറ്റർ പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സുമായ മഞ്ജു ദേവിയെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിപ്പിക്കുന്നത്. അയർലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി പാർലമെന്റിലേക്ക് ഔദ്യോഗിക സ്ഥാനാർഥിയാകുന്നത്.
ഡബ്ലിൻ ഫിംഗാൽ ഈസ്റ്റ് മണ്ഡലത്തിലാണ് മഞ്ജു മത്സരിക്കുന്നത്. നിലവിലെ അയർലൻഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം രണ്ടാം സ്ഥാനാർഥിയായാണ് മഞ്ജു മത്സരിക്കുക. വിജയിച്ചാൽ അയർലൻഡിൽ നിന്നും ആദ്യമായി ഒരു മലയാളി കൂടി പാർലമെന്റിൽ എത്തും. ശനിയാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിക്കുമെങ്കിലും ഞായാറാഴ്ച വൈകുന്നേരത്തോടെ മാത്രമെ അയർലൻഡിൽ ആരാണ് ഭരണത്തിൽ എത്തുകയെന്ന് അറിയാൻ കഴിയൂ. ബാലറ്റ് സമ്പ്രദായത്തിലുള്ള വോട്ടിങ് ആയതിനാൽ ആണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വൈകുന്നത്.
ഭവന പ്രതിസന്ധി, ജീവിതച്ചെലവ് വര്‍ധന, കുടിയേറ്റ പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണക്കുറവ്, ചൈല്‍ഡ് കെയര്‍ ചെലവ് വര്‍ധന എന്നിവ ഉൾപ്പടെ ഒട്ടനവധി പ്രശ്‌നങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. അതേസമയം രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് പാര്‍ട്ടികളായ ഫിനഗേൽ, ഫിനാഫാൾ, സിൻഫെയിൻ എന്നിവ തമ്മിൽ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടത്തുകയെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
റെഡ് സി - ബിസിനസ് പോസ്റ്റിന്റെ സർവേയിൽ ഫിനാഫാൾ 21%, ഫിനഗേൽ 20%, സിൻഫെയിൻ 20% എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്കുള്ള ജനപിന്തുണ. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷമായിരുന്ന സിൻഫെയിൻ പാർട്ടിക്ക് ഒരു ഘട്ടത്തില്‍ വന്‍ ജനപിന്തുണ ഉണ്ടായിരുന്നെങ്കിലും പിന്നീട് വലിയ രീതിയില്‍ കുറയുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനോട് അടുത്ത ദിനങ്ങളിൽ പിന്തുണയില്‍ വര്‍ധന ഉണ്ടായി.
ഇതോടെ നേരത്തെ വലിയ വിജയപ്രതീക്ഷയുണ്ടായിരുന്ന ഫിനഗേൽ, ഫിനാഫാൾ എന്നിവര്‍ക്ക് സിൻഫെയിൻ കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. പോളിങ് അവസാനിച്ച് ഇന്ന് രാത്രി 10 ന് ശേഷം അയർലൻഡിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് സ്ഥാപനമായ ആർടിഇ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.