കോവളം: രണ്ട് വീടുകളിലെ ഷെഡുകളില്‍ സൂക്ഷിച്ചിരുന്ന കാറും ബൈക്കുകളും തീയിട്ടു നശിപ്പിച്ച നിലയില്‍. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ഗ്രാമത്തില്‍ പനങ്ങോട് കൈപ്പളളിക്കുഴി ശ്രീജാസില്‍ റിട്ട.മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ശിവശങ്കരൻ നായരുടെ വീട്ടുവളപ്പിലുളള കാറും മൂന്നുബൈക്കുകളുമാണ് കത്തിച്ചത്.
തീപിടിച്ച കാറും ബൈക്കുകളും പൂർണ്ണമായി കത്തിനശിച്ചു. വീടിന്റെ സമീപത്തുളള അടുക്കളയുടെ വർക്ക് ഏരിയയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളില്‍ തീപടരാത്തത് വൻദുരന്തം ഒഴിവാക്കി.സംഭവത്തെ തുടർന്ന് കോവളം എസ്.എച്ച്.ഒ. വി.ജയപ്രകാശിന്റെ നേത്യത്വത്തിലുളള പോലീസ് സംഘവും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടതെന്ന് വീട്ടൂകാർ പറഞ്ഞു.
ശിവശങ്കരൻ താമസിക്കുന്ന കുടുംബവീട്ടിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും വാടകയ്ക്ക് നല്‍കിയിരിക്കുന്ന തൊട്ടടുത്ത വീടിന്റെ ഷെഡില്‍ സൂക്ഷിച്ചിരുന്ന മൂന്നുവർഷം പഴക്കമുളള കാറും വാടകക്കാരുടെ ബൈക്കുമാണ് കത്തിച്ചത്.
തീപടർന്നതോടെ സമീപത്തുളള കിണറില്‍ നിന്ന് വെളളം പമ്ബുചെയ്യാൻ സ്ഥാപിച്ച മോട്ടോറും അനുബന്ധ വൈദ്യുതി ലൈനും കത്തിപ്പോയി. ശിവശങ്കരൻ നായരുടെ അമ്മയും റിട്ട. അധ്യാപികയുമായ സുമതിക്കുട്ടിയാണ് തീ പടരുന്നത് കണ്ടത്. ഉറങ്ങുന്ന സമയത്ത് സമീപത്തെ ഷെഡില്‍ നിന്ന് തീ ആളിപ്പടരുന്നത് കണ്ട് ഇവർ ബഹളം വെച്ചു. ഇതോടെയാണ് ഉറങ്ങുകയായിരുന്നവർ സംഭവമറിയുന്നത്.
പുറത്തിറങ്ങിയെങ്കിലും തീപടർന്നതിനാല്‍ ആർക്കും ഷെഡിനടുത്തേക്ക് പോകാനായില്ല. ഇതേസമയം വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീട്ടുവളപ്പിലും തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടു ചെന്ന് നോക്കിയപ്പോഴാണ് കാറും സമീപത്തെ ഷെഡിലുളള ബൈക്കും കത്തുന്നത് കണ്ടത്.
ഉടൻതന്നെ വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. എസ്.ടി.ഒ. കെ.ജി. വേണുഗോപാലിന്റെ നേത്യത്വത്തിലുളള സംഘമെത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഏകദേശം പന്ത്രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് അഗ്നിരക്ഷാസേനാ അധികൃതർ പറഞ്ഞു. വീട്ടുടമയുടെ അകന്ന ബന്ധുവാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
മനുഷ്യജീവന് ഹാനികരമാകുന്ന വിധത്തിലുളള അപകടമാണ് വരുത്തിയിട്ടുളളത് എന്ന് പരിഗണിച്ച് സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.