ഇങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം പാടത്ത് നടത്തേണ്ടി വരും: ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയവർ പറയുന്നത് മാത്രം കേട്ട് തീരുമാനമെടുക്കരുതെന്ന് തിരുവമ്പാടി ദേവസ്വം,

തൃശൂര്‍: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍ജിഒകള്‍ പറയുന്നത് മാത്രം കേട്ട് തീരുമാനമെടുക്കരുത്.

നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ലെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. കേസില്‍ കക്ഷി ചേരുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

ആനകള്‍ തമ്മിലുള്ള ദൂരം മൂന്ന് മീറ്ററെന്നും ആനയും മനുഷ്യരും തമ്മിലുള്ള അകലം എട്ടുമീറ്ററെന്നും നിജപ്പെടുത്തിയാല്‍ പൂരം മാറ്റേണ്ടി വരും. മഠത്തില്‍ വരവ് നടത്തുന്ന ഇടത്ത് ആകെ റോഡിന് വീതിയുള്ളത് ആറ് മീറ്ററാണ്. മാര്‍ഗനിര്‍ദേശം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം പാടത്തേയ്ക്ക് മാറ്റേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.

 എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി പോരാടാന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിശദമായ ഉത്തരവിറക്കിയത്. 

പൊതുവഴിയില്‍ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയില്‍ ആനകളെ കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 

തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററില്‍ അധികം ആനയെ നടത്തിക്കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും ഉത്തരവിലുണ്ട്. 

ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്

ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. 125 കിലോമീറ്റര്‍ അധികം ദൂരം വാഹനത്തില്‍ കൊണ്ടുപോകരുതെന്നും ഈ വേഗത പ്രകാരം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേരളം എന്നും കോടതി വിമര്‍ശിച്ചു.

ഒരു ദിവസത്തില്‍ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണം. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ മത്സരങ്ങള്‍ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്.

ആനകളുടെ എട്ടു മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ. വെടിക്കെട്ട് നടത്തുന്നിടത്തുനിന്നും 100 മീറ്റര്‍ മാറിയേ ആനയെ നിര്‍ത്താവൂ. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സ്ഥലസൗകര്യത്തിന് അനുസരിച്ച് മാത്രമാവണം.

ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റില്‍ കൂടുതല്‍ എഴുന്നെള്ളിക്കാനോ വെയിലുള്ളിടത്ത് ഒരു സ്ഥലത്ത് തുടര്‍ച്ചയായി നിര്‍ത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !