പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു കാലത്തെ സുരക്ഷാ ജോലികള്‍ക്കായുള്ള പോലീസ് സേനയുടെ ആദ്യ സംഘം ഇന്ന് ചുമതലയേല്‍ക്കും.
ഭക്തരുടെ സുഗമമായ ദർശനം, ട്രാഫിക് നിയന്ത്രണം, വാഹന പാർക്കിംഗ് തുടങ്ങിയവയുടെ ക്രമീകരണത്തിന് ആവശ്യമായ സേവനം ലഭ്യമാക്കുന്നത് ഉറപ്പാക്കിക്കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു.സന്നിധാനത്ത് കണ്‍ട്രോള്‍ റൂം ഇന്ന് മുതൽ പ്രവർത്തനസജ്ജമാകും. ഓരോ കമ്പിനി ആർഎഎഫ്, എൻഡിആർഎഫ് സേനാംഗങ്ങളും ഡ്യൂട്ടിക്കെത്തും. ഇവരെ സന്നിധാനം, പമ്പ എന്നിവടങ്ങളിലായി നിയോഗിക്കും.
പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യ സംഘം ഇന്ന് ഉച്ചയ്ക്ക് ചുമതലയേല്‍ക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ സ്പെഷല്‍ ഓഫീസർമാരായി സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ചുമതലയിലുണ്ടാകും.
ആദ്യഘട്ടത്തിലെ സന്നിധാനം സ്പെഷല്‍ ഓഫീസറായി എറണാകുളം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്പി കെ.ഇ.ബൈജുവിനെ നിയമിച്ചിട്ടുണ്ട്. പമ്പ എസ്‌ഒ ആയി സ്പെഷല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്പി ടി.ഫെറാഷും നിലയ്ക്കലില്‍ പത്തനംതിട്ട ക്രൈം ബ്രാഞ്ച് എസ്പി എസ്.സുരേഷ് കുമാറും ( സീനിയർ )നിയമിതാരായിട്ടുണ്ട്.
താത്കാലിക പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചു
ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. 2025 ജനുവരി 20 വരെ ഇവ പ്രവർത്തിക്കും. മൂന്നിടങ്ങളിലേക്കും ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സുഗമമായ ദർശനം, മികച്ച ഗതാഗത നിയന്ത്രണം, ക്രമസമാധാന പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് സേവനം കാര്യക്ഷമമായി തുടരും. ഇന്നു മുതല്‍ ഡിസംബർ 17 വരെയുള്ള ആദ്യഘട്ടത്തിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് താത്കാലിക പോലീസ് സ്റ്റേഷനുകളിലേക്ക് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.
മൂന്നിടങ്ങളിലെയും എസ്‌എച്ച്‌ഒമാർക്ക് ഡിസംബർ രണ്ടു വരെയുള്ള 20 ദിവസത്തേക്കാണ് നിയമനം. സന്നിധാനത്ത് തിരുവല്ല എസ്‌ഐ അനൂപ് ചന്ദ്രനും നിലയ്ക്കലില്‍ അടൂർ എസ്‌ഐ ബാല സുബ്രഹ്‌മണ്യനും വടശേരിക്കരയില്‍ കൊടുമണ്‍ എസ്‌ഐ വിപിൻ കുമാറും എസ്‌എച്ച് ഒമാരായി നിയമിക്കപ്പെട്ടിട്ടുണ്ട്.
വിവിധ റാങ്കിലുള്ള 20 പോലീസുദ്യോഗസ്ഥരെ സന്നിധാനത്തും16 പേരെ നിലയ്ക്കലും 12 പേരെ വടശേിക്കരയിലും നിയമിച്ചു. ക്യൂ എം സ്റ്റോർ, ബോംബ് ഡീറ്റെക്ഷൻ സ്‌ക്വാഡ്, സിസിടിവി എന്നിവയിലേക്കും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പോലീസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം
സന്നിധാനം, പമ്പ നിലയ്ക്കല്‍, ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് പരിസരപ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പോലീസ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനും, കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, വേഗത്തിലുള്ള നടപടികള്‍ ഉദ്ദേശിച്ചുള്ള കണ്‍ട്രോള്‍ റൂം പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവർത്തനം തുടങ്ങി.
തീർഥാടനവുമായി ബന്ധപ്പെട്ട് പോലീസ് പ്രവർത്തനങ്ങളുടെ ഏകോപനവും അതിവേഗത്തിലുള്ള നടപടികളും ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട പോലീസ് സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും 14432 എന്ന പോലീസ് ഹെല്‍പ്‌ലൈൻ നമ്പരില്‍ വിളിക്കാവുന്നതാണ്. ഇമെയില്‍ ഐ ഡി [email protected].
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.