അടൂർ: ഓടുന്ന ബസ്സില്‍ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. യാത്രക്കാരിയായ ഗവ.ആശുപത്രി നഴ്സിന്റെ ഇടപെടലില്‍ രക്ഷിക്കാനായത് ഡ്രൈവറെ മാത്രമല്ല ഇരുപത്തഞ്ചോളം വരുന്ന യാത്രക്കാരെയുമാണ്.
അടൂർ ജനറല്‍ ആശുപത്രിയിലെ നഴ്സിങ് ഓഫീസർ അടൂർ പഴകുളം പുലരിയില്‍ സൈന ബദറുദ്ദീന്റെ ഇടപെടലില്‍ തിരികെ ലഭിച്ചത് ഹൃദയസ്തംഭനമുണ്ടായ സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനു(48)-വിന്റെ ജീവനാണ്. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഹൃദയവിഭാഗം ഡോക്ടർമാരുടെ പെട്ടെന്നുള്ള ഇടപെടല്‍കൂടി ആയതോടെ ബിനുവിന്റെ ഹൃദയം ഉഷാറായി.ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായപ്പോള്‍ത്തന്നെ ഒട്ടും ശങ്കിക്കാതെ ആശുപത്രിയില്‍ എത്തിച്ചതും ശസ്ത്രക്രിയാ അനുമതിപത്രത്തില്‍ ഒപ്പിട്ടതും ബസ്സിലെ യാത്രക്കാരികൂടിയായ സൈനയാണ്. സൈന പറഞ്ഞില്ലായിരുന്നെങ്കില്‍ ഡ്രൈവർ ബസ് തുടർന്നും ഓടിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയായിരുന്നു.
സംഭവം ഇങ്ങനെ
സമയം വെള്ളിയാഴ്ച രാവിലെ 8.15. അടൂർ ജനറല്‍ ആശുപത്രിയിലെ രാത്രി ജോലി കഴിഞ്ഞ് പഴകുളത്തുള്ള വീട്ടിലേക്ക് പോകാൻ ആശുപത്രിക്കു സമീപത്തുനിന്ന് സൈന സ്വകാര്യബസ്സില്‍ കയറി. ബസ്സില്‍ അത്യാവശ്യം യാത്രക്കാരുണ്ട്.
ഡ്രൈവർ സീറ്റിന് തൊട്ടുപിന്നിലാണ് സൈന ഇരുന്നത്. ആ സമയം തന്നെ ബസ് ഡ്രൈവർ ബിനുവിന് എന്തോ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി തോന്നി. ബസിന്റെ വശത്തെ കണ്ണാടിയില്‍കൂടിയാണ് അതുകണ്ടത്. ബിനു എന്നിട്ടും ബസ് ഓടിച്ചു. ഇതിനിടെ ബിനു കണ്ടക്ടറോട് പ്രശ്നം അറിയിച്ചെങ്കിലും ബസ് നിർത്തിയിരുന്നില്ല.
അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മുൻപില്‍ എത്തിയപ്പോഴേക്കും അസ്വസ്ഥത കൂടി. ഇതോടെ സൈന ഇടപെട്ടു. "ചേട്ടാ.. ഇനി മുൻപോട്ടു പോകണ്ട, നിങ്ങള്‍ വളരെ ക്ഷീണിതനാണ്. നമുക്ക് ആശുപത്രിയിലേക്ക് പോകാം.'-എന്നു പറഞ്ഞു. ബിനു അനുസരിച്ചു. ഉടനെ സൈനയും കണ്ടക്ടറും കൂടി ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ ബന്ധുക്കള്‍ അനുമതിപത്രത്തില്‍ ഒപ്പിടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ബന്ധുക്കളെ ഫോണില്‍ ലഭിക്കാഞ്ഞതിനാല്‍ സൈന തന്നെ ബന്ധുക്കള്‍ ഒപ്പിടേണ്ട രേഖകളില്‍ ഒപ്പുവെച്ചു. ഇതോടെ മറ്റൊന്നും ചിന്തിക്കാതെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ഹൃദയത്തിലെ തടസ്സം നീക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.