കോലാലമ്പൂർ: ബസില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 18 വയസുകാരൻ മരിച്ച സംഭവത്തില്‍ മലേഷ്യൻ പൊലീസും സർക്കാറും അന്വേഷണം പ്രഖ്യാപിച്ചു.
മൂന്ന് ദിവസം മുമ്പ് ബട്ടർവർത്തിലെ പെനാംഗ് സെൻട്രല്‍ ബസ് ടെർമിനലിലാണ് ദാരുണമായ അപകടമുണ്ടായത്. ക്വലാലമ്പൂരിലേക്ക് പോകാനായി ഒരു എക്സ്പ്രസ് ബസില്‍ കയറിയ യുവാവാണ് ഗുരുതരമായ പരിക്കുകളെ തുടർന്ന് ബസിനുള്ളില്‍ വെച്ചു തന്നെ മരിച്ചത്.ബസില്‍ കയറിയ യുവാവ് തന്റെ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യാനായി ബസിലെ ചാർജിങ് സോക്കറ്റില്‍ കണക്‌ട് ചെയ്തുവെന്നും ഏതാണ്ട് പത്ത് മിനിറ്റുകള്‍ക്ക് ശേഷം വലിയ നിലവിളി കേട്ട് മറ്റ് യാത്രക്കാർ നോക്കിയപ്പോള്‍ യുവാവിന്റെ വായില്‍ നിന്ന് നുരയും പതയും വരുന്ന നിലയിലാണ് കണ്ടതെന്നും മലേഷ്യൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
പരിഭ്രാന്തരായ മറ്റ് യാത്രക്കാർ ഉടനെ ആംബുലൻസ് സഹായം തേടി. പ്രദേശിക സമയം വൈകുന്നേരം 6.20ഓടെ ആബുലൻസ് സംഘം എത്തി. പാരാമെഡിക്കല്‍ ജീവനക്കാർ പരിശോധന നടത്തിയപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നതായി സ്ഥിരീകരിച്ചു.
വൈദ്യുതാഘാതമേറ്റതാണ് മരണ കാരണമെന്ന് പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. യുവാവിനെ ഗുരുതരമായ തരത്തില്‍ വൈദ്യുതാഘാതമേറ്റതായി തന്നെയാണ് മനസിലായതെന്ന് ബസ് ഡ്രൈവറും പറഞ്ഞു. ഇടതു കൈയിലെ വിരലുകളില്‍ പൊള്ളലേറ്റിരുന്നു ചാർജിങ് കേബിളും ഉരുകിയ നിലയിലായിരുന്നു. ഫോണ്‍ അമിതമായി ചൂടാവുകയും ചെയ്തു. വൈദ്യുത സംവിധാനത്തിലെ ഗുരുതരമായ പിഴവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നാണ് റിപ്പോർട്ടുകള്‍.
സംഭവത്തില്‍ പ്രത്യേക ടാസ്‍ക് ഫോഴ്സ് രൂപീകരിച്ച് അന്വേഷണം നടത്തുമെന്നും ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ അബ്‍ദുല്‍ റഹ്‍മാൻ പറഞ്ഞു.
ഗതാഗത വകുപ്പിലെ പ്രത്യേക ഉദ്യോഗസ്ഥ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് മലേഷ്യൻ ഗതാഗത മന്ത്രി അന്തോനി ലോക് പറഞ്ഞു.ഏറെ ഗൗരവമായാണ് ഈ വിഷയത്തെ തന്റെ വകുപ്പ് കാണുന്നതെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.