കോട്ടയം: പാലാ, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, രാമപുരം പ്രദേശങ്ങളില്‍ വീണ്ടും ഭിക്ഷാടന മാഫിയ സജീവമായി. എന്തു കടുംകൈയും ചെയ്യാന്‍ മടിയില്ലാത്ത കുറവാ കൊള്ളസംഘം ആലപ്പുഴയില്‍നിന്ന് കോട്ടയം ജില്ലയിലെത്തിയതായി സംശയിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് നിര്‍ദേശം.
പൈകയിലും രാമപുരത്തും ചിങ്ങവനത്തും ഉള്‍പ്പെടെ അറുപതു മോഷണക്കേസുകളില്‍ പ്രതിയായ കുറുവാ സംഘനേതാവ് സന്തോഷ് സെല്‍വം ആലപ്പുഴയില്‍ അറസ്റ്റിലായതിനു പിന്നാലെ പതിനഞ്ചംഗ സംഘത്തിലെ മറ്റുള്ളവര്‍ പാലാ, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കു നീങ്ങിയതായാണ് സംശയം.യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത യുവതി-യുവാക്കളാണ് വിവിധ സഹായങ്ങള്‍ തേടി ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ കയറിയിറങ്ങുന്നത്. രോഗം, ഭിക്ഷ, നേര്‍ച്ച തുടങ്ങിയ ആവശ്യങ്ങളുമായെത്തുന്ന ഇവര്‍ തമിഴാണ് സംസാരിക്കുന്നത്.
ചിലര്‍ തമിഴ് ചുവയുള്ള മലയാളവും. എരുമേലി, പൊന്‍കുന്നം, മണിമല, പാലാ പോലീസ് സ്റ്റേഷന് പരിധിയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ആരോഗദൃഢഗാത്രരായ പുരുഷന്മാര് ഏതാനും ദിവസങ്ങളായി വീടുകളില്‍ സഹായം തേടിയെത്തുന്നുണ്ട്.
ചിലയിടങ്ങളില്‍ കുട്ടികളുമായി സ്ത്രീകളാണ് വീടുകളിത്തുന്നത്. അനുവാദമില്ലാതെ വീടിനു ചുറ്റിലും പുരയിടത്തിലും നടന്ന് ഇവര്‍ നിരീക്ഷണം നടത്തുക പതിവാണ്.ഇത്തരത്തിലുള്ളവര്‍ വീട്ടിലെത്തിയാല്‍ തനിച്ചു താമസിക്കുന്നവര്‍ വാതില്‍ തുറക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നു പോലീസ് പറഞ്ഞു. അര്‍ഹരെന്നു തോന്നിയാല്‍ സഹായം മാത്രം ജനാലയിലൂടെ നല്‍കുക. ടോയ്ലറ്റില് പോകണമെന്ന് പറഞ്ഞാല്‍ വീടിനു പുറത്ത് ടോയ്ലറ്റുണ്ടെങ്കില്‍ അവിടെ പോകാന്‍ നിര്‍ദേശിക്കുക.
വീട്ടിനുള്ളിലേക്ക് ഇവരെ കയറ്റരുത്. ഇവര്‍ മടങ്ങിപ്പോകുന്നുണ്ടോ എന്നതും നിരീക്ഷിക്കണം. വസ്ത്രം പോലുള്ള സഹായം ഉന്നയിച്ചാല്‍ വയോധികരും തനിച്ചു താമസിക്കുന്ന സ്ത്രീകളും അസൗകര്യം പറഞ്ഞൊഴിയുക.
ആഭരണങ്ങള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മണിമല, എരുമേലി മേഖലയില്‍ വീടുകള്‍ തോറും അജ്ഞാതസംഘം നാടു ചുറ്റുന്നുണ്ട്. വയോധികര്‍ തനിച്ചു താമസിക്കുന്ന വീടുകള്‍ ഇവര്‍ പ്രത്യേകം നിരീക്ഷിക്കുന്നതായി പറയുന്നു. സഹായം ചോദിച്ചെത്തിയാല്‍ തനിച്ചാണ് താമസമെന്ന് വെളിപ്പെടുത്തരുതെന്ന് പോലീസ് നിര്‍ദേശിക്കുന്നു.
രാത്രി വാതിലും ജനാലയും പാര, കമ്പി പോലുള്ള ആയുധങ്ങള്‍ക്കൊണ്ട് കുത്തിത്തുറന്നും കൂറ്റന്കല്ലിന് ഇടിച്ചുതകര്‍ത്തും വീട്ടില്‍ കയറുന്നവരാണ് കുറവാ സംഘം. രാത്രി അജ്ഞാതരെ മുറ്റത്തു കാണാനിടയായാല്‍ വാതില്‍ തുറക്കുകയോ അവരെ നേരിടാന്‍ പോവുകയോ പാടില്ല.
വീടിനു പുറത്തുള്ള ലൈറ്റ് തെളിക്കുക, ടാപ്പ് തുറന്നിടുക, കുഞ്ഞുങ്ങളുടെ ശബ്ദത്തില്‍ കരയുക തുടങ്ങിയ സാഹചര്യങ്ങളൊരുക്കി കുറവാ സംഘം ആക്രമണത്തിന് തുനിയാറുണ്ട്. സംശയാസ്പദ സാഹചര്യമുണ്ടായാല്‍ വാതില്‍ തുറന്ന് പുറത്തിറങ്ങരുത്. അടിയന്തര സാഹചര്യത്തില്‍ അയല്‍വാസികളെയും പോലീസിനെയും അറിയിക്കുക. ലാന്‍ഡ് ഫോണ്‍, വൈദ്യുതി ബന്ധം കട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ചാര്‍ജ് ചെയ്ത് വയ്ക്കുക. ടോര്‍ച്ചും കരുതിവയ്ക്കുക.
വാള്, കൈക്കോടാലി, ഇരുമ്പ് കമ്പി പിച്ചാത്തി തുടങ്ങിയവയുമായി രണ്ടു പേര് മുതല്‍ ആറു പേര്‍വരെ കുറുവ സംഘത്തില്‍ ഉണ്ടാകുന്നതിനാല്‍ ഒന്നോ രണ്ടോ പേര് ഇവരെ നേരിടാന്‍ ഇറങ്ങുന്നതു സുരക്ഷിതമല്ല. രാത്രി വാതിലുകളും ജനാലകളും അടച്ചുപൂട്ടണം. സിസിടിവി കാമറകള്‍ പ്രവര്‍ത്തനക്ഷമാണെന്ന് ഉറപ്പുവരുത്തണം.എരുമേലിയില്‍ തീര്‍ഥാടകരുടെ പോക്കറ്റിടിക്കാനും വീടുകളില്‍ മോഷണം നടത്താനും തിരുട്ടുമോഷണ സംഘം എത്തുന്ന സാഹചര്യത്തില്‍ പോലീസ് സിസിടിവി കാമറ നിരീക്ഷണം നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.