ഹൈദരാബാദ്: ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പുമായുള്ള വൈദ്യുതി കരാർ റദ്ദാക്കാനുള്ള നീക്കത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ. ഇതിനായി സർക്കാർ രേഖകൾ പരിശോധിക്കുകയാണ് അധികൃതർ. ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ യുഎസിൽ നിയമനടപടി ആരംഭിച്ച സാഹചര്യത്തിലാണിത്.
സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 26.5 കോടി ഡോളർ കൈക്കൂലി നൽകിയെന്നും, യുഎസിൽ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നുമാണ് അദാനിക്കെതിരെയുള്ള ആരോപണം. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ സൗരോർജ വിതരണ കരാറുകൾ നേടാൻ കൈക്കൂലി നൽകിയ വിവരം മറച്ചുവച്ച് കടപ്പത്ര വിൽപ്പനയിലൂടെ അമേരിക്കയിലെ നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ച് വഞ്ചിച്ചുവെന്നാണ് ഗൗതം അദാനിക്കും മറ്റ് ഏഴുപേർക്കുമെതിരായ കുറ്റപത്രത്തിൽ പറയുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് അദാനിയുമായുള്ള കരാർ റദ്ദാക്കാൻ സാധിക്കുമോയെന്ന് ആന്ധ്രാപ്രദേശ് സർക്കാർ പരിശോധിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
മുൻ സർക്കാരിന്റെ കാലത്ത് അദാനിയുമായുള്ള വൈദ്യുതി കരാറിൽ അഴിമതി നടന്നുവെന്നാണ് ആരോപണം ഉയരുന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ആന്ധ്രാപ്രദേശിലെ വൈദ്യുതി വിതരണ കമ്പനികൾ ഏകദേശം ഏഴ് ജിഗാവാട്ട് സൗരോർജ്ജം വാങ്ങാൻ വൈദ്യുതി വിതരണ കരാറിൽ ഏർപ്പെട്ടതായാണ് യുഎസ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ ആന്ധ്രാപ്രദേശിലെ മുൻ സർക്കാരായ വൈ എസ് ആർ കോൺഗ്രസ് ആരോപണം നിഷേധിച്ചു.
അദാനി ഗ്രീൻ എനർജിയുടെ ഒരു കരാറുമായി ബന്ധപ്പെട്ട് മാത്രമാണ് അമേരിക്കയിലെ നിയമ നടപടികളെന്നാണ് അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിണ്ടർ സിംഗ് വ്യക്തമാക്കിയത്. അദാനി ഗ്രൂപ്പിന്റെ മൊത്തം ബിസിനസിൽ പത്ത് ശതമാനം വിഹിതമാണ് അദാനി ഗ്രീനിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിലെ മറ്റൊരു കമ്പനിക്കെതിരെയും കുറ്റപത്രത്തിൽ പറഞ്ഞിട്ടില്ല. ആരോപണങ്ങൾക്കെതിരെ സാദ്ധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.