കണ്ണൂര്‍: ചിറ്റാരിപ്പറമ്പ് എടയാര്‍ - വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തില്‍ റോബോട്ടിക് കൊമ്പനാനയെ നടക്കിരുത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി. '
വടക്കുമ്പാട് ശങ്കരനാരായണന്' എന്നാണ് ഈ റോബോ കൊമ്പനാനയ്ക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയിരിക്കുന്ന പേര്.പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഏറെ ആഘോഷത്തോടെയാണ് റോബോട്ടിക് കൊമ്പന്റെ നടയ്ക്കിരുത്തല്‍ ചടങ്ങ് പ്രദേശവാസികള്‍ ആഘോഷമാക്കിയത്.
തലയെടുപ്പോടെ ഘോഷയാത്രയില്‍ പങ്കെടുത്ത കൊമ്പനെ കാണാന്‍ നിരവധി ആളുകളാണ് ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. മേളത്തിനൊപ്പം കണ്ണിറുക്കിയും ചെവി ആട്ടിയും തുമ്പിക്കൈ വീശിയുമൊക്കെ റോബോ കൊമ്പന് ആളുകളെ രസിപ്പിച്ചു.
ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ ആന തന്നെയെന്ന് തോന്നിപ്പിക്കുന്ന ഈ റോബോട്ടിക് ആനയെ നിര്‍മ്മിച്ചത് ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി ആസ്ഥാനമായുള്ള സംഘടനയായ പെറ്റ ഇന്ത്യ (പീപ്പിള്‍സ് ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്) ആണ്. 6 ലക്ഷം രൂപ ചെലവ് വരുന്ന റോബോ കൊമ്പനെ നടി വേദികയുടെ കൂടി സഹകരണത്തോടെ പെറ്റ ഇന്ത്യ സൗജന്യമായാണ് എടയാര്‍ - വടക്കുമ്പാട് ശിവ- വിഷ്ണു ക്ഷേത്രത്തിന് നിര്‍മ്മിച്ചു നല്‍കിയത്.
600 കിലോഗ്രാം ഭാരവും 10 അടി ഉയരവുമുണ്ട് ഈ റോബോട്ടിക് ആനയ്ക്ക്. ഇരുമ്പ്, ഫൈബര്‍, സ്പോഞ്ച്, റബര്‍ എന്നിവയാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ബാറ്ററിയിലാണ് ഇതിന്റെ പ്രവര്‍ത്തനം.
ശിവന്, വിഷ്ണു, ദേവന്മാര് പ്രധാന പ്രതിഷ്ഠയായുള്ള ക്ഷേത്രമായതിനാലാണ് വടക്കുമ്പാട് ശങ്കരനാരായണന് എന്ന പേര് റോബോ ആനയ്ക്ക് നല്‍കിയതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.
ജീവനുള്ള ആനകളെ ക്ഷേത്രാചാരങ്ങള്‍ക്കായി വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ഇല്ലെന്ന ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തെ മാനിച്ചാണ് ഇത്തരത്തില്‍ ഒരു റോബോട്ടിക് ആനയെ സംഭാവന ചെയ്തതെന്ന് പെറ്റ ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ശിശുദിനത്തിലാണ് റോബോ കൊമ്പനെ നടയ്ക്കിരുത്തിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.