കൊച്ചി: നവംബർ 4ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് സജ്ജമാക്കി.
www.sports.kite.kerala.gov.in പോർട്ടൽ വഴി സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള 730 മത്സര ഇനങ്ങളുടെ നടത്തിപ്പിന്റെ വിശദാംശങ്ങൾ പൂർണമായും ഓൺലൈനായി കിട്ടും.17 വേദികളിലായി എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായികമേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോർഡുകളും പോർട്ടലിലൂടെ ലഭിക്കും. ഫലങ്ങൾ ജില്ല, സ്‌കൂൾ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും കൈറ്റിന്റെ സ്‌പോർട്‌സ് പോർട്ടലിൽ ലഭ്യമാക്കും.
ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സ്‌കൂൾ സ്‌പോർട്‌സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പറും നിലവിലുണ്ട്. സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷനായി ഈ വർഷം പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്‌സിൽ ലൈവ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴിയും കായികമേള ലോകത്തെവിടെനിന്നും ലൈവായി കാണാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രധാന വേദികൾ മാറി മാറി ലൈവായി കാണിക്കും. മറ്റ് വേദികളിൽ നിന്നുള്ള ദൃശ്യങ്ങളും കൈറ്റ് വിക്ടേഴ്‌സിൽ ലഭ്യമാകും. മത്സര ഫലങ്ങൾ, വിജയികളുടെ വിവരങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവയും സംപ്രേഷണം ചെയ്യും.
രാവിലെ 06.00 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 2 മണി മുതൽ മത്സരം അവസാനിക്കുന്നതുവരെയും സംപ്രേഷണം ഉണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈൽ ആപ്പ് എന്നിവ വഴിയും youtube.com/itsvicters എന്ന യുട്യൂബ് ചാനൽ വഴിയും ലൈവായി കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.