കൊച്ചി: അടുത്ത മാസത്തെ റിസർവ് ബാങ്കിന്റെ ധന അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും.
ആഗോള തലത്തിലെ വിവിധ കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. 2022 ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.മാനം മുട്ടെ ഉയർന്ന നാണയപ്പെരുപ്പം നിയന്ത്രിക്കാനാണ് കൊവിഡിന് ശേഷം തുടർച്ചയായി പലിശ നിരക്ക് വർദ്ധിപ്പിച്ചത്. ഇക്കാലയളവില്‍ റിസർവ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്‌പകളുടെ പലിശയായ റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായാണ് വർദ്ധിപ്പിച്ചത്.
ആഗോള മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളും ലോജിസ്‌റ്റിക് പ്രശ്നങ്ങളും ഭക്ഷ്യ ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിലയില്‍ കുതിപ്പുണ്ടാക്കിയതോടെ നാണയപ്പെരുപ്പം നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് പലിശ വർദ്ധിപ്പിച്ചത്. ഇതോടെ ഉപഭോക്താക്കളുടെ വാഹന, ഭവന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ ഭാരവും ആനുപാതികമായി കൂടി.
അനുകൂല സാഹചര്യം
1. അമേരിക്ക, യൂറോപ്പ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ കുറച്ചു
2.ക്രൂഡോയില്‍ വില കുറഞ്ഞതും പ്രതീക്ഷിച്ചതിലും മികച്ച കാലവർഷവും അനുകൂലമാകുമെന്ന് പ്രതീക്ഷ
3. സാമ്പത്തിക മേഖലയില്‍ തളർച്ചയുടെ സൂചനകള്‍ ശക്തമാകുന്നതിനാല്‍ പലിശ ഭാരം കുറയ്ക്കാൻ സമ്മർദ്ദമേറുന്നു
4. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ പലിശയിലെ കുറവ് സഹായകമാകും
കേന്ദ്ര ബാങ്കുകള്‍ പലിശ കുറയ്‌ക്കുന്നു
സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നല്‍കുന്നതിനായി അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് വ്യാഴാഴ്ച മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അവിടെ പലിശ കുറയുന്നത്.
ഒക്‌ടോബറില്‍ ഫെഡറല്‍ റിസർവ് അപ്രതീക്ഷിതമായി വായ്പകളുടെ പലിശ അര ശതമാനം കുറച്ചിരുന്നു. ബാങ്ക് ഒഫ് ഇംഗ്ളണ്ടും കഴിഞ്ഞ ദിവസം പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.