പാലക്കാട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി.ജെ.പിയില്‍ അതൃപ്തി പുകയുന്നു. നിരവധിനേതാക്കള്‍ ബി.ജെ.പി നേതൃത്വത്തിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു. ബി.ജെ.പി ആരുടെയും വഖഫ് പ്രോപ്പര്‍ട്ടിയല്ലെന്ന് സംസ്ഥാന സമിതിയംഗം സി.വി സജനി ഫേസ്ബുക്കില്‍ കുറിച്ചു. ജനങ്ങള്‍ക്ക് താത്പര്യമുള്ളവര്‍ സംഘടനയുടെ മുഖമാകണമെന്നും അവര്‍ വിമര്‍ശിച്ചു. അതേസമയം പാലക്കാട്ടെ സ്ഥാനാര്‍ഥിനിര്‍ണയം പാളിയെന്നും പ്രചാരണത്തില്‍ ജില്ലയിലുള്ളവരെ പരിഗണിച്ചില്ലെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു.
അടിത്തറയല്ല മേൽക്കൂരയാണ് പ്രശ്നമെന്നായിരുന്നു ഫലപ്രഖ്യാപനത്തിനുശേഷം ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജന്റെ പ്രതികരണം. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടയാളാണ് ശിവരാജൻ. വോട്ട് കാൻവാസ് ചെയ്യാൻ കഴിവുള്ള മൂന്നുമുഖങ്ങളാണ് ശോഭാ സുരേന്ദ്രൻ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവർ -അദ്ദേഹം പറയുന്നു. തോൽവിയുടെ കാരണം സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നാണ് ചാനൽചർച്ചയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്.
വർഗീയതയും കോഴയും കൂറുമാറ്റവുമടക്കമുള്ളവ പാലക്കാട്ട് തിരഞ്ഞെടുപ്പ് വിഷയമായപ്പോൾ പ്രതിരോധിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കേണ്ടതാണെന്ന് സന്ദീപ് വാചസ്പതി സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. പാർട്ടിയധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ടുചോർച്ചയുണ്ടായത് ഗൗരവമാണെന്നും പറഞ്ഞു. ഇതെല്ലാം വെളിവാക്കുന്നത് ബി.ജെ.പി.യിലെ അസ്വസ്ഥതയാണ്.
ഉപതിരഞ്ഞെടുപ്പ് തോല്‍വി ബി.ജെ.പിക്ക് മുന്നില്‍ രണ്ട് വെല്ലുവിളികളാണ് ഉയര്‍ത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ യു.ഡി.എഫ് ശക്തമായ നിലയിലാണ് എന്നതും എല്‍.ഡി.എഫ് തൊട്ടുപിന്നിലുണ്ടെന്നതും ബി.ജെ.പി ക്യാമ്പിന് തലവേദന സൃഷ്ടിക്കുന്നു.
സംഘടനാപരമായി നിരവധി പ്രശ്‌നങ്ങള്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയെ അലട്ടിയിരുന്നു. പാലക്കാട് മുനിസിപ്പാലിറ്റിക്കെതിരായ വികാരം വലിയതോതില്‍ വോട്ടര്‍മാര്‍ പ്രകടമാക്കി എന്നാണ് പാര്‍ട്ടി കരുതുന്നത്. അതുകൊണ്ടാണ് മുനിസിപ്പാലിറ്റിയില്‍ കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തേക്ക് പോയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മുനിസിപ്പാലിറ്റിയില്‍ ബി.ജെ.പി ഒന്നാമതായിരുന്നുവെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്നോട്ട് പോയി. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റി ഭരണം നഷ്ടമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് അത്തരം പ്രവര്‍ത്തനത്തിലേക്ക് അവര്‍ക്ക് പോകേണ്ടിയും വരും.
എന്നാല്‍ അടിസ്ഥാനവോട്ടുകളില്‍ കുറവുവന്നിട്ടില്ലെന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന സി.കൃഷ്ണകുമാര്‍ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഇ ശ്രീധരന് കിട്ടിയ വോട്ടുമായാണ് എല്ലാവരും താരതമ്യം ചെയ്യുന്നത്. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തി മത്സരിച്ചപ്പോള്‍ കിട്ടിയ അതേ വോട്ടുകള്‍ കൃഷ്ണകുമാറിന് കിട്ടില്ലല്ലോ. പ്രിയങ്കാ ഗാന്ധിക്ക് വയനാട്ടില്‍ കിട്ടിയ ഭൂരിപക്ഷം കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചാല്‍ കിട്ടുമോയെന്നും കൃഷ്ണകുമാര്‍ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.