തിരുവനന്തപുരം: അങ്കണവാടിയില്‍ മൂന്നു വയസുകാരി വീണ് പരിക്കേറ്റ കാര്യം വീട്ടുകാരെ ജീവനക്കാർ അറിയിച്ചില്ലെന്ന് പരാതി. ഉച്ചയ്ക്ക് നടന്ന സംഭവം കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വീട്ടുകാർ അറിയുന്നത് രാത്രിയാണ്. കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ തിരുവനന്തപുരം പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ വൈഗ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മാറനല്ലൂർ വാർഡിലെ പോലീസ് സ്റ്റേഷനു സമീപമുള്ള അങ്കണവാടിയിൽ വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാര്‍ നല്‍കിയ മറുപടിയെന്ന് മാതാപിതാക്കൾ പറയുന്നു.
‘മകളുടെ കണ്ണിൽ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോൾ ഛർദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോൾ കുട്ടി വീണ കാര്യം പറയാൻ മറന്നുപോയത്രെ. ഉച്ചയ്ക്ക് നടന്ന സംഭവം ഞങ്ങൾ അറിയുന്നത് രാത്രിയാണ്. തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്‌പൈനൽ കോർഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ അവർക്ക്?’ കുട്ടിയുടെ അച്ഛൻ ചോദിക്കുന്നു.
വൈകിട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചിൽ നിർത്താതെ തലയ്ക്കു വേദനയെടുക്കുന്നതായി അമ്മ സിന്ധുവിനോടു പറഞ്ഞു. തുടർന്ന് പരിശോധന നടത്തിയപ്പോൾ തലയിൽ ചെറിയ വീക്കം കാണപ്പെട്ടുവെന്നും മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് എസ്എടി ആശുപത്രിയിൽ നടന്ന പരിശോധനയിൽ തലയോട്ടിക്കും, കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.