തമിഴ്നാട്:ഈ തുലാമഴ സീസണിലെ രണ്ടാമത്തെ ചുഴലി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമോ എന്ന കാത്തിരിപ്പിലാണു നിരീക്ഷകർ. ശ്രീലങ്കയ്ക്കും തമിഴ്നാട് തീരത്തിനും മധ്യേ ഇന്നലെയോടെ രൂപപ്പെട്ട ന്യൂനമർദമാണു കരുത്താർജിച്ച് തീവ്ര ന്യൂനമർദമാകാൻ സാധ്യത തെളിയുന്നത്. കൂടുതൽ ഈർപ്പം വലിച്ചെടുത്ത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത ചില നിരീക്ഷകർ തള്ളിക്കളയുന്നില്ല. പക്ഷേ, സാധ്യത കുറവാണെന്നാണു പല ആഗോള നിരീക്ഷകരുടെയും അഭിപ്രായം. ചുഴലി രൂപപ്പെട്ടാൽ കാറ്റുകളുടെ പട്ടികയിലേക്ക് സൗദി അറേബ്യ നിർദേശിച്ച ഫെയിൻജൽ എന്ന പേരാവും നൽകുക.
തമിഴ്നാട് തീരത്തു മഴ എത്തിച്ചശേഷം ഈ ന്യൂനമർദം ആന്ധ്ര തീരത്തെ സ്പർശിച്ചു ദുർബലപ്പെടാനാണു സാധ്യത. പുരോഗതി സംബന്ധിച്ചു നാളെയോടെ വ്യക്തത കൈവരും. കേരളത്തെ ഇതു കാര്യമായി ബാധിക്കാനിടയില്ലെന്നാണു വിലയിരുത്തൽ. പതിവായി ലഭിക്കുന്ന മഴ മാത്രമാവും സംസ്ഥാനത്തുണ്ടാവുക. തുലാമഴയിൽ 21% കുറവുള്ള കേരളത്തിൽ ഡിസംബർ ആദ്യവാരവും മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖയോടു ചേർന്നു രൂപപ്പെടുന്ന ന്യൂനമർദങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഇരുപുറവുമുള്ള കടലുകളിൽനിന്നുള്ള സംവഹനക്കാറ്റ് വലിച്ചെടുത്താണു ശക്തിപ്പെടുക. കഴിഞ്ഞ മാസത്തെ ദാന സൈക്ലോൾ ഒഡിഷ–ബംഗാൾ തീരത്ത് കരയിലേക്കു കയറി നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. രാത്രിയിലെ കുറഞ്ഞ താപം കണ്ണൂരിൽ 22.9 രേഖപ്പെടുത്തിയതോടെ കേരളത്തിൽ പലയിടത്തും നേരിയ തണുപ്പും വൃശ്ചിക മൂടലും അനുഭവപ്പെടുന്നു. പുനലൂരിൽ 23 ഡിഗ്രിയാണ്. എന്നാൽ പകൽ താപനില പതിവിലും 3 ഡിഗ്രി വരെ കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.