ശബരിമല: ഇതൊരു നിയോഗമാണ് കർണാടക ചിക്കമംഗളൂരു സ്വദേശി എംഎം കുമാറിന്. തനിക്കുള്ള ബഹുഭാഷാ അറിവ് കഴിഞ്ഞ 25 വർഷമായി അയ്യപ്പഭക്തരെ സഹായിക്കുന്നതിനായി അദ്ദേഹം ഉപയോഗിക്കുന്നു. സന്നിധാനം മുതൽ പമ്പവരെ തീർഥാടകർക്ക് ആവശ്യമായ കാര്യങ്ങൾ അനൗൺസ് ചെയ്യുന്നവരിലെ പ്രധാനിയാണ് എം.എം. കുമാർ.
കാൽ നൂറ്റാണ്ടായി അദ്ദേഹത്തിന്റെ ശബ്ദം ശബരിമലയിൽ ഉയരുന്നു.കർണാടക ചിക്കമംഗളൂർ സ്വദേശിയായ കുമാർ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അനായാസം അനൗൺസ് ചെയ്യും. എല്ലാ വർഷവും മണ്ഡല മകര വിളക്ക് കാലത്ത് മുഴുവൻ ശബരിമലയിലുണ്ടാകും. അമ്മ രാധമ്മ മലയാളിയാണ്. അച്ഛന്റെ സ്വദേശം തമിഴ്നാട്. കുട്ടിക്കാലത്തേ കുടുംബം കർണാടകത്തിലാണ്. അതിനാൽ ഈ മൂന്ന് ഭാഷകളും നന്നായി അറിയാമായിരുന്നു.
ഇംഗ്ലീഷും ഹിന്ദിയും സ്കൂളിൽ നിന്ന് പഠിച്ചു. മറ്റ് ഭാഷകൾ തീർഥാടകരുമായുള്ള സമ്പർക്കത്തിലൂടെയും പഠിച്ചുവെന്ന് എം.എം. കുമാർ പറഞ്ഞു. 1999 ൽ സന്നിധാനത്തെത്തിയപ്പോഴാണ് വിവിധ ഭാഷകളിൽ അനൗൺസ് ചെയ്യുന്ന ഒരാളെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതും കുമാറിനെ ചുമതല ഏൽപ്പിക്കുന്നതും. മകരവിളക്ക് കഴിഞ്ഞ് ചിക്കമംഗലൂരുവിലേക്ക് മടങ്ങും. അവിടെ ചെറിയ ജോലിയുണ്ട്. ഭാര്യ പഞ്ചായത്തംഗമാണ്. വിദ്യാർഥിനികളായ രണ്ട് പെൺമക്കളുമുണ്ട്.
എം.എം.കുമാറിനു പുറമേ മലയാളത്തിൽ 25 വർഷമായി അനൗൺസ് ചെയ്യുന്ന കോഴഞ്ചേരി സ്വദേശി എ.പി. ഗോപാലൻ, തമിഴ്നാട് സ്വദേശികളായ ബാല ഗണേഷ്, നരസിംഹമൂർത്തി എന്നിവരും സന്നിധാനത്തെ അനൗൺസ്മെന്റ് കേന്ദ്രത്തിലുണ്ട്.അതെസമയം ശബരിമലയിൽ തിരക്ക് കൂടുകയാണ്. ഇന്നലെ ദര്‍ശനം നടത്തിയത് 87,000ത്തിലധികം പേരാണ്.
വിര്‍ച്വല്‍ ക്യൂ പരിധി എഴുപതിനായിരവും സ്‌പോട് ബുക്കിങ് പരിധി പതിനായിരവും ആയിരിക്കെ ഇന്നലെ ദര്‍ശനം നടത്തിയത് 87,216 പേരാണ്.സ്‌പോട് ബുക്കിങ്ങിലൂടെ 11834 പേരാണ് ദര്‍ശനം നടത്തിയത്. 603 ഭക്തര്‍ പുല്ലുമേട് വഴിയും ദര്‍ശനത്തിനെത്തി. മണ്ഡല മഹോത്സവത്തിനായി നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ദര്‍ശനം നടത്തിയത് 5,38,313 പേരാണ്. കഴിഞ്ഞയാഴ്ചയില്‍ ഏറ്റവും അധികം പേര്‍ ദര്‍ശനം നടത്തിയത് ഇന്നലെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.