തിരുവനന്തപുരം: കേരളത്തിൽ സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവൻവില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 140 രൂപ കൂപ്പുകുത്തി 5,930 രൂപയിലെത്തി. കഴിഞ്ഞവാരം സെഞ്ചറിയും കടന്ന് മുന്നേറിയ വെള്ളിവില ഗ്രാമിന് ഇന്നുമാത്രം 3 രൂപ താഴ്ന്ന് 99 രൂപയായി.
യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) കുതിച്ചതും ക്രിപ്റ്റോകറൻസികൾ റെക്കോർഡ് തേരോട്ടം ആരംഭിച്ചതുമാണ് രാജ്യാന്തരതലത്തിൽതന്നെ സ്വർണവില നിലംപൊത്താൻ വഴിയൊരുക്കിയത്.
കഴിഞ്ഞയാഴ്ച ഔൺസിന് 2,790 ഡോളർ എന്ന റെക്കോർഡ് ഉയരംതൊട്ട രാജ്യാന്തര സ്വർണവില ഇന്നൊരുവേള 2,647 ഡോളറിലേക്ക് തകർന്നടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 2,668 ഡോളറിൽ. ഏതാനുംമാസം മുൻപു യൂറോ, യെൻ തുടങ്ങിയ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 99-100 നിലവാരത്തിലായിരുന്നെങ്കിൽ ഇപ്പോഴുള്ളത് 105ൽ. യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും 4ന് താഴെയായിരുന്നത് ഇപ്പോൾ 4.5 ശതമാനമെന്ന നിലവാരത്തിലെത്തി. ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില 76,000 ഡോളർ എന്ന സർവകാല റെക്കോർഡ് തകർത്ത് കുതിപ്പ് തുടങ്ങി. ക്രിപ്റ്റോ, ഡോളർ, ബോണ്ട്, യുഎസ് ഓഹരി വിപണി എന്നിവ മുന്നേറുന്നത് സ്വർണനിക്ഷേപങ്ങളുടെ തിളക്കംകെടുത്തിയത് വിലയെ താഴേക്ക് നയിച്ചു. ഡോളർ ശക്തിപ്രാപിച്ചതോടെ സ്വർണം വാങ്ങുന്നതിന് ചെലവേറിയതും വില നിലംപതിക്കാനിടയാക്കി.
കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ജൂലൈയിൽ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ സ്വർണവില പവന് 4,000 രൂപയോളം ഇടിഞ്ഞിരുന്നു. അതിനുശേഷം ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വീഴ്ചയാണ് ഇന്നത്തേത്. ഒക്ടോബർ 18ന് ശേഷം സംസ്ഥാനത്ത് പവൻവില 58,000 രൂപയ്ക്ക് താഴെയെത്തിയതും ആദ്യം. ഒക്ടോബർ 31ലെ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വില.
സ്വർണാഭരണത്തിന് 3% ജിഎസ്ടിയുണ്ട്. 53.10 രൂപയാണ് ഹോൾമാർക്ക് ഫീസ്. പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ ശരാശരി ഇത് 5-10 ശതമാനമാണ്. ബ്രാൻഡഡ് ജ്വല്ലറികൾക്ക് 20-30 ശതമാനമൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 62,350 രൂപ കൊടുത്താൽ സംസ്ഥാനത്ത് ഇന്നൊരു പവൻ ആഭരണം വാങ്ങാം. ഒരു ഗ്രാം സ്വർണാഭരണത്തിന് വില 7,794 രൂപ. ഒക്ടോബർ 31ന് പവന് വാങ്ങൽ വില 64,555 രൂപയും ഗ്രാമിന് 8,070 രൂപയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.