കണ്ണൂര്‍: മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ആത്മകഥയുടെ പ്രസിദ്ധീകരണം തന്റെ സമ്മതത്തോടെയല്ല എന്ന് ഇ.പി പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും കളവാണെന്നും സുധാകരന് പറഞ്ഞു. ഡിസി ബുക്സ് മാന്യമായി വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അതിനാല്‍ അവരെ അവിശ്വസിക്കാന്‍ അവരെ അറിയുന്ന കേരളത്തിലെ ജനങ്ങള്‍ക്കാര്‍ക്കും സാധിക്കില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഇ.പി ബിജെപിയിലേക്ക് പോകാനാണ് സാധ്യതയെന്നും സുധാകരന് പറഞ്ഞു. അദ്ദേഹം ബിജെപി നേതാക്കളെ ഇടയ്ക്കെല്ലാം പോയി കാണുന്നതാണ്. നേതാക്കളെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
''ഇപിയുടെയും സിപിഎമ്മിന്റെയും വിശദീകരണം തന്നെ യുക്തിസഹമല്ല. രണ്ടും രണ്ടു വഴിക്കാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയതിലുള്ള പക ഇ.പിക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. അതിന് പരിഹാരമില്ലാത്തിടത്തോളം കാലം ഇ.പി തൃപ്തനുമാകില്ല, നിശബ്ദനുമാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അവസരവാദിയാണെന്ന് സിപിഎമ്മിലെ ഒരു നേതാവെങ്കിലും പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. അതിന് ഇ.പി ജയരാജനെ ഞാന്‍ അഭിനന്ദിക്കുകയാണ്,'' സുധാകരന് വ്യക്തമാക്കി.
"കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സിപിഎമ്മിന് തിരിച്ചുകിട്ടുകയാണ്. ചേലക്കരയില്‍ സിപിഎം പ്രവര്‍ത്തകരുടെ മനസിൽ അമര്‍ഷവും പ്രതിഷേധവുമാണ്. ഈ ഭരണത്തില്‍ ആര്‍ക്കും തൃപ്തിയില്ല. ഇടതുപക്ഷക്കാര്‍ക്കു പോലും തൃപ്തിയില്ല. അതിന്റെയെല്ലാം പ്രതിഫലനം ഇത്തവണ ചേലക്കരയിലുണ്ടാകും. 28 വര്‍ഷം ഇടതുപക്ഷത്തിന്റെ കൈയിലിരുന്നതാണ് ചേലക്കര". അത് ഇത്തവണ അവരുടെ കൈയില്‍ നിന്ന് പോവും. അത് അവര്‍ക്കുതന്നെ ബോധ്യമുണ്ടെന്നും സുധാകരന് വ്യക്തമാക്കി.
സരിന് അവസരവാദ സ്ഥാനാര്‍ഥിയാണ്. രണ്ടു ദിവസം മുമ്പുവരെ സിപിഎമ്മിന്റെ മുഖ്യമന്ത്രിക്കെതിരേ അതിരൂക്ഷമായി വിമര്‍ശിച്ച ഒരാളെ പിടിച്ച് സ്ഥാനാര്‍ഥിയാക്കി. ചിഹ്നം കൊടുത്തുമില്ല, സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. എന്നിട്ട് മണ്ണിനും പുണ്ണിനും കൊള്ളാത്ത ആണോ പെണ്ണോ എന്ന് തിരിയാത്ത രീതിയില്‍ അദ്ദേഹത്തെ മാറ്റിയെടുത്തത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും സുധാകരന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.