പനാജി: മലയാള സിനിമയിൽ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നുവെന്ന് നടി സുഹാസിനി. മറ്റ് സിനിമാ വ്യവസായങ്ങളെവച്ചു നോക്കുമ്പോൾ മലയാള സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷിതത്വമില്ലെന്നും നടി പറഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി 'സ്ത്രീ സുരക്ഷയും സിനിമയും' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു താരം.
'മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമാ മേഖല. മറ്റ് മേഖലകളിൽ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേയ്ക്ക് പോകാം. എന്നാൽ സിനിമയിൽ അങ്ങനെയല്ല. ഇരുന്നൂറോ മുന്നൂറോ പേർ ഒരു സ്ഥലത്തേയ്ക്ക് പോവുകയും കുടുംബം പോലെ അവിടെ താമസിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ അതിർരേഖകൾ മറികടക്കപ്പെട്ടേക്കാം.
സെറ്റിൽ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ ഭർത്താവ് മണിരത്നത്തിനോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാളെ സെറ്റിൽ നിന്ന് തന്നെ പുറത്താക്കിയതായി അദ്ദേഹം മറുപടി നൽകി. ഒരു ഗ്രാമത്തിൽ യാതൊരു നിയമങ്ങൾക്കും വിധേയരാകാതെ 200 പേരുണ്ടെങ്കിൽ അവിടെ അതിരുകൾ മറികടക്കാൻ സാദ്ധ്യതയുണ്ട്. മലയാള സിനിമയിൽ ഇതേകാര്യം നടക്കുന്നുണ്ട്.
തമിഴിൽ ഷൂട്ട് കഴിഞ്ഞാൽ ചെന്നൈയിലേയ്ക്ക് പോകും. തെലുങ്കിലാണെങ്കിൽ ഹൈദരാബാദിലേയ്ക്കും. കന്നഡയിലാണെങ്കിൽ ബംഗളൂരുവിലേയ്ക്കും പോകും. എന്നാൽ മലയാളത്തിൽ അങ്ങനെയല്ല. അതാത് ദിവസത്തെ ഷൂട്ട് കഴിഞ്ഞാൽ തിരികെ വീട്ടിലേയ്ക്ക് പോകാനാവില്ല. കാരണം അവിടെ അങ്ങനെയൊരു സ്ഥലമില്ല. അതിനാൽ തന്നെ അവിടെ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നു'- സുഹാസിനി ചർച്ചയിൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.